
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍നവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണ് എന്നാണ് സതീശന്‍റെ വിമർശനം. ശബരിമലയിൽ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവർ പിന്നെ വീട് കയറി മാപ്പ് പറഞ്ഞുവെന്ന് സതീശന്‍ വിമർശിച്ചു. ഉമ്മൻചാണ്ടിയോട് ചവിട്ടി പുറത്താക്കണമെന്ന് പറഞ്ഞ പിണറായി ഇപ്പോൾ കെ ബി ഗണേഷനെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്ക് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഭാഷാപ്രയോഗത്തിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും “നികൃഷ്ട ജീവി” മുതൽ “ചെറ്റ” വരെ എന്തെല്ലാം വാക്കുകളാണ് മുഖ്യമന്ത്രി ഉപയോഗിച്ചതെന്നായിരുന്നു സതീശൻ്റെ പരിഹാസം. ആർഎസ്എസിന്റെ പിന്തുണയോടെയാണ് 1977ൽ പിണറായി വിജയൻ എംഎൽഎയായതെന്നും, കോൺഗ്രസിനെ തോൽപ്പിക്കാൻ ആരുമായും കൈകോർക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ബിജെപിയുടെ “ബി ടീം” എന്ന് വിളിക്കാൻ പിണറായി വിജയൻ മാത്രമേ തയ്യാറാവുകയുള്ളുവെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇങ്ങോട്ട് സഹായിച്ചവരെ അങ്ങോട്ട് സഹായിക്കുന്ന ആളാണ് പിണറായി. കേസില്ലാതാക്കി കൊടുത്ത ബിജെപി നേതാക്കളുടെ കേസും മുഖ്യമന്ത്രി ഇല്ലാതാക്കുമെന്ന് സതീശൻ വിമര്‍ശിച്ചു.
കേരളത്തെ വർഗീയവത്കരിക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്നും, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ സൗകര്യപ്രകാരം വ്യാഖ്യാനിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം വിമർശിച്ചു. തനിക്കെതിരെ ബിജെപി നിരന്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും തന്നെ തോൽപ്പിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖം പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്തതായും, അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും ഭീഷണിയുണ്ടെന്നുമാണ് സതീശന്റെ ആരോപണം. മുഖ്യമന്ത്രി ഭീരുവാണെന്നും, എല്ലാ ഏകാധിപതികൾക്കും ഭയമാണെന്നും സതീശൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam