
തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രമേയം പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെച്ചൊല്ലി നിയമസഭാ സമ്മേളനത്തിൽ വാദപ്രതിവാദം. സ്പീക്കർക്ക് സ്വർണ കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സ്പീക്കർ കസേര ഒഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഭരണഘടന അനുസരിച്ചു മാത്രമേ പ്രവർത്തിക്കാനാകൂ എന്ന് സ്പീക്കർ മറുപടി നൽകി. ഭരണഘടനാ ചട്ടം അനുസരിച്ച് 15 ദിവസം വേണം. സഭ ചേരുന്നതിന് 14 ദിവസം മുൻപ് വേണം സ്പീക്കറെ നീക്കണം എന്ന പ്രമേയ നോട്ടീസ് നൽകേണ്ടതെന്നും സ്പീക്കർ പറഞ്ഞു. ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകിയതെന്ന് എം ഉമ്മർ എംഎൽഎ പറഞ്ഞു.
15 ദിവസത്തെ നോട്ടീസ് നൽകിയല്ല സഭ വിളിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ വാദങ്ങളെ പ്രതിപക്ഷ നേതാവ് ചെന്നിത്തല ഖണ്ഡിച്ചത്. ഭരണഘടന ചട്ടം മാറ്റാൻ തനിക്ക് അധികാരമില്ലെന്ന് സ്പീക്കറും പറഞ്ഞു. സ്പീക്കർക്കെതിരായ പരാമർശം സഭാ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ് സഭ ചേരാൻ തീരുമാനിച്ചത്. സ്പീക്കർക്കെതിരായ പ്രമേയം എടുക്കാൻ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാൻ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞാൻ നിസ്സഹായനാണെന്ന് സ്പീക്കർ മറുപടി നൽകി. ഭരണഘടനയാണ് പ്രധാനമെന്നും വിമർശനം ഉന്നയിക്കാൻ തടസ്സം ഇല്ലെന്നും സ്പീക്കർ പറഞ്ഞു. പദവിയുടെ ഔന്നത്യം ഉയർത്തി പിടിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam