നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി; സഭാ നാഥനാകാൻ എം ബി രാജേഷ്

By Web TeamFirst Published May 25, 2021, 9:17 AM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. സഭാംഗങ്ങളെ ഇരിപ്പിടത്തിന്റെ ക്രമത്തിൽ സെക്രട്ടറി വിളിക്കുമ്പോൾ മുന്നോട്ട് വന്ന് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയാണ് വേണ്ടത്.

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി. ഇടത് മുന്നണിയുടെ എംബി രാജേഷും, യുഡിഎഫിന്റെ പിസി വിഷ്ണുനാഥുമാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് എംബി രാജേഷിന്റെ വിജയം ഉറപ്പാണ്. ആദ്യമായി നിയമസഭയിലെത്തിയ രാജേഷ് തുടക്കത്തിൽ തന്നെ സ്പീക്കറാകുന്നു എന്ന അപൂർവ്വതയും ഉണ്ട്. 

രണ്ട് പത്രികകളാണ് എം ബി രാജേഷിനായി ഇടത് മുന്നണി സമർപ്പിച്ചിട്ടുള്ളത്. പിണറായി വിജയൻ നിർദ്ദേശിക്കുകയും, റോഷി അഗസ്റ്റിൻ പിന്താങ്ങുകയും ചെയ്തിട്ടുള്ള പത്രികയും, ഇ ചന്ദ്രശേഖരൻ നിർദ്ദേശിക്കുകയും മാത്യു ടി തോമസ് പിന്താങ്ങുകയും ചെയ്ത പത്രികയുമാണ് രാജേഷിനായി ഇടത് മുന്നണി സമർപ്പിച്ചിട്ടുള്ളത്. 

പി സി വിഷ്ണുനാഥിനായി വി ഡി സതീശൻ നിർദ്ദേശിക്കുകയും കുഞ്ഞാലിക്കുട്ടി പിന്താങ്ങുകയും ചെയ്തിട്ടുള്ള പത്രികയാണ് യുഡിഎഫ് സമർപ്പിച്ചിട്ടുള്ളത്. 

പേപ്പർ ബാലറ്റിലൂടെ സ്പീക്കർ  തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാലറ്റിൽ ആദ്യം എം ബി രാജേഷിന്റെ പേരും രണ്ടാമത് പി സി വിഷ്ണുനാഥിന്റെ പേരുമാണ്. പേരിന് നേരേ ഗുണന ചിഹ്നം ഇട്ട് വേണം വോട്ട് രേഖപ്പെടുത്താൻ. ചിഹ്നം ഇട്ടില്ലെങ്കിൽ വോട്ട് അസാധുവാകും, ഗുണന ചിഹ്നമല്ലാതെ മറ്റേതെങ്കിലും ചിഹ്നം ഉപയോഗിച്ചാലും വോട്ട് അസാധുവാകും. 

സഭാംഗങ്ങളെ ഇരിപ്പിടത്തിന്റെ ക്രമത്തിൽ സെക്രട്ടറി വിളിക്കുമ്പോൾ മുന്നോട്ട് വന്ന് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. പേര് വിളിക്കുമ്പോൾ സഭയിൽ ഹാജരില്ലാത്ത അംഗങ്ങൾക്ക് വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് സഭയിലെത്തിയാൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 

ആകെ 137 അംഗങ്ങളാണ് പ്രോ ടൈം സ്പീക്കർ അടക്കം ഇപ്പോൾ സഭയിൽ ഇല്ലത്. മൂന്ന് പേർക്ക് ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിടിഎ റഹീം ഒഴികെയുള്ള 136 പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്. പതിനൊന്നരയോടെ വോട്ടിംഗ് പൂർത്തിയാകുകയും വോട്ടെണ്ണൽ തുടങ്ങുകയും ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!