ജനങ്ങൾക്കു വേണ്ടി നടത്തിയ സമരത്തിൽ ഇടപെട്ടതിൽ ജോജു ജോർജിന് തെറ്റ് മനസ്സിലായെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. ജോജു ജോർജും മുഹമ്മദ് ഷിയാസും കെട്ടിപ്പിടിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് പ്രതികരണം.
കൊച്ചി: നടൻ ജോജു ജോർജുമായി നല്ല സൌഹൃദത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാർ. ജനങ്ങൾക്കു വേണ്ടി നടത്തിയ സമരത്തിൽ ഇടപെട്ടതിൽ ജോജുവിന് തെറ്റ് മനസ്സിലായെന്നും ഷിയാസ് പറഞ്ഞു. ജോജു ജോർജും മുഹമ്മദ് ഷിയാസും കെട്ടിപ്പിടിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് പ്രതികരണം.
"ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ട് അദ്ദേഹം തിരുത്തിയപ്പോൾ ഞങ്ങൾ പിന്നെന്തിനാണ് അദ്ദേഹത്തെ ഉപദ്രവിക്കുന്നത്? ഞങ്ങൾ വലിയ സുഹൃത്തുക്കളാണ്. പ്രശ്നങ്ങളൊക്കെ അന്നേ തീർന്നു. ഇടയ്ക്ക് കാണുമ്പോൾ സൌഹൃദം പ്രകടിപ്പിക്കാറുണ്ട്. ഞങ്ങളുടെ രക്തത്തിലുള്ള കാര്യമാണത്. ഉപദ്രവിക്കുന്ന ആളുകളെ അതേ രീതിയിൽ ശത്രുതയോടെ കാണുകയും ആ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സിപിഎമ്മിന്‍റെ സമീപനം എന്തായാലും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ട് തിരുത്തിയ ഒരാളെ ഉൾക്കൊള്ളുന്നതിൽ എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല"- ഷിയാസ് പറഞ്ഞു.
നാല് വർഷം മുൻപ് സംഭവിച്ചത്…
നാല് വർഷം മുൻപ് കൊച്ചിയിൽ ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ ജോജു ശബ്ദമുയർത്തിയപ്പോൾ ഏറ്റവും കൂടുതൽ വിമർശിച്ചത് ഷിയാസായിരുന്നു. ജോജുവിന്‍റെ കാറിന്‍റെ ചില്ല് കോണ്‍ഗ്രസ് പ്രവർത്തകർ അടിച്ചു പൊട്ടിച്ചു. അത് കേസും വലിയ വിവാദവും ആയിരുന്നു. പ്രശ്നങ്ങളൊക്കെ തീർന്നെന്നും അന്നത്തെ തെറ്റ് ജോജുവിന് മനസ്സിലായെന്നും ഷിയാസ് പറയുന്നു. ദുബൈയിൽ വച്ച് കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും സൌഹൃദം പുതുക്കിയത്.



