ഒടുവിൽ ആശ്വാസം; കേരളാ ഓട്ടോമൊബൈൽസിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം കിട്ടി | Asianet News Impact

By Web TeamFirst Published Aug 19, 2021, 2:46 PM IST
Highlights

കെഎഎൽ നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഇലട്രിക് ഓട്ടോ എന്ന അന്വേഷണ പരമ്പര. മാനേജ്മെൻ്റ് ധൂർത്തും എംഡിയും പിൻവാതിൽ നിയമനവും ടെണ്ടറിൻ്റെ മറവിൽ നടക്കുന്ന വൻ അഴിമതിയും ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതുമെല്ലാം ഞങ്ങൾ വാർത്താ പരമ്പരയിലൂടെ പുറത്ത് കൊണ്ടു വന്നു

തിരുവനന്തപുരം: അഞ്ചുമാസമായി ശമ്പളം മുടങ്ങിയ പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം കിട്ടി. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഇലട്രിക് ഓട്ടോ എന്ന പരമ്പരയെത്തുടർന്ന് കെഎഎൽ സന്ദർശിച്ച വ്യവസായ മന്ത്രി പി രാജീവ് നൽകിയ ഉറപ്പാണ് പാലിച്ചത്. 

കെഎഎൽ നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഇലട്രിക് ഓട്ടോ എന്ന അന്വേഷണ പരമ്പര. മാനേജ്മെൻ്റ് ധൂർത്തും എംഡിയും പിൻവാതിൽ നിയമനവും ടെണ്ടറിൻ്റെ മറവിൽ നടക്കുന്ന വൻ അഴിമതിയും ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതുമെല്ലാം ഞങ്ങൾ വാർത്താ പരമ്പരയിലൂടെ പുറത്ത് കൊണ്ടു വന്നു. വ്യവസായ മന്ത്രി പി രാജീവ് എംഡിയെപ്പോലും അറിയിക്കാതെ ആഗസ്ത് 13 ന് കെഎഎൽ ഫാക്ടറിയിലെത്തി. കാര്യങ്ങൾ വിശദമായി അന്വേഷിച്ചു. കെഎഎല്ലിൽ സംഭവിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകാൻ റിയാബിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പരിശോധനയ്ക്കിടെ മന്ത്രി തൊഴിലാളികളുമായും ചർച്ച നടത്തിയിരുന്നു.  മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥത ശമ്പളം പോലും കിട്ടാതാക്കിയെന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി. ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളം കൊടുത്തിരിക്കണമെന്ന അന്ത്യശാസനവും നൽകി. ഇന്നലെ രാത്രിയോടെ ജീവനക്കാർക്ക് ആശ്വാസമായി ഒരു മാസത്തെ ശമ്പളമെത്തി. റിയാബ് 10 ദിവസത്തിനകം റിപ്പോർട്ട് സർക്കാരിന് നൽകും. റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിൽ കെഎഎല്ലിൻ്റെ പ്രതിസന്ധി പരിഹരിച്ച് ഇലട്രിക് ഓട്ടോ നല്ല രീതിയിൽ വിപണിയിലെത്തിക്കാനാണ് സർക്കാർ ശ്രമം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!