അൺലോക്കിൽ ജീവിതത്തിലേക്കുണർന്ന് കേരളം; നിരത്തുകൾ സജീവമായി; ഇന്ന് മുതൽ കൂടുതൽ ട്രെയിൻ സർവ്വീസുകളും

By Web TeamFirst Published Jun 17, 2021, 1:28 PM IST
Highlights

 കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം  സാധാരണ നിലയിലേക്ക് മാറി.  സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളും  സജീവമായി.  അതേ സമയം സംസ്ഥാനത്താകെ 25 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുകയാണ്.
 

തിരുവനന്തപുരം: നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം തുറന്നു. ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചുതുടങ്ങി . കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം  സാധാരണ നിലയിലേക്ക് മാറി.  സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളും  സജീവമായി.  അതേ സമയം സംസ്ഥാനത്താകെ 25 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുകയാണ്.

ഇന്ന് മുതൽ ജനജീവിതം പതിയെ സജീവമായിത്തുടങ്ങുകയാണ്.  ഇളവുകളുള്ള 147 തദ്ദേശസ്ഥാപന പരിധികളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങി. നിരത്തുകളിൽ വീണ്ടും വാഹനങ്ങളിറങ്ങി.  ഓഫീസുകൾ 25 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടങ്ങി.  സെക്രട്ടേറിയറ്റിൽ ഇന്ന് മുതൽ പകുതി ജീവനക്കാരും എത്തി. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ കമ്പനികളുിലും വീണ്ടും ആളനക്കം വെച്ചു. വടക്കൻ കേരളത്തിൽ സ്വകാര്യബസ് സർവ്വീസുകൾ, ഓട്ടോ,ടാക്സി സർവീസുകൾ സജീവമാണ്.

ബി കാറ്റഗറിയിൽ വരുന്ന കൊച്ചി നഗരത്തിൽ ഇളവുകൾ പൊതുനിരത്തിലും പ്രതിഫലിച്ചു.  ഭാഗിക ലോക്ക്ഡൗണുള്ള സ്ഥലങ്ങൾ സംസ്ഥാനത്താകെ 716 എണ്ണമാണ്.  സംംസ്ഥാനത്താകെ ദേശീയപാതയിലും നഗരങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൂടുതൽ ട്രെയിൻ സർവ്വീസുകൾ ഇന്ന് മുതൽ ഉണ്ടാകും.   അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്ആർടിസി സർവ്വീസും തുടങ്ങി.  സംസ്ഥാനത്തെവിടെയും പൊതുപരിപാടികൾ ഇല്ല. ഇനി ബുധനാഴ്ച വീണ്ടും പുതിയ ടിപിആർ പരിഗണിച്ച് ഇളവിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തും.

പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ളത്. കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്. വയനാട് ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. ടിപിആർ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ലോക്ക്ഡൗൺ ഉണ്ടാകും.മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് സമ്പൂർണ ലോക്ക്ഡൗൺ.

പാലക്കാട് ജില്ലയിൽ നാഗലശ്ശേരി,നെന്മാറ,വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗണായിരിക്കും. തൃശ്ശൂരിൽ സമ്പൂർണ ലോക്ക്ഡൗൺ എവിടെയുമില്ല. എന്നാൽ ടിപിആർ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ക്ഡൗണുണ്ടാകും. എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സമ്പൂർണ ലോക്ക്ഡൗൺ. സി വിഭാഗത്തിൽപ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ക്ഡൗണായിരിക്കും.

ആലപ്പുഴയിലും സമ്പൂർണ ലോക്ക്ഡൗൺ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളിൽ ലോക്ക്ഡൗണായിരിക്കും. കോട്ടയം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. സി വിഭാഗത്തിൽപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ക്ഡൗണായിരിക്കും. തിരുവനന്തപുരം ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗണാണ്. കഠിനംകുളം,പോത്തൻകോട്, പനവൂർ, മണമ്പൂർ,അതിയന്നൂർ, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂർണമായും അടച്ചിടുക. കൊല്ലം ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ എവിടെയുമില്ല. എന്നാൽ സി വിഭാഗത്തിൽപ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളിൽ ലോക്ക്ഡൗണായിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!