ആരോഗ്യരംഗത്തെ ഗുണനിലവാരം: കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡ്

By Web TeamFirst Published Sep 17, 2021, 7:50 PM IST
Highlights

ലോക രോഗീസുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്. കൊവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം: ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക രോഗീസുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്. കൊവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ദേശീയ തലത്തില്‍ നാഷണല്‍ എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനത്തും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. 93 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതില്‍ ഇതുവരെ 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും 849 പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതില്‍ ഇതുവരെ 78 പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുമാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

കേരളത്തിലെ 125 സര്‍ക്കാര്‍ ആശുപത്രിക്കള്‍ക്കാണ് ഇതുവരെ നാഷണല്‍ എന്‍ക്യുഎഎസ്. അംഗീകാരം ലഭിച്ചത്. അതില്‍ 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 78 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് നേടിയിട്ടുള്ളത്. 6 സര്‍ക്കാര്‍ ആശുപത്രികള്‍ എന്‍ക്യുഎഎസ് അക്രഡിറ്റേഷന് വേണ്ടിയിട്ടുള്ള ദേശീയതല പരിശോധന കഴിഞ്ഞു ഫലം കാത്തിരിക്കുകയാണ്. ഇത് കൂടാതെ 6 ആശുപത്രികള്‍ ദേശീയ തല പരിശോധനക്കായുള്ള അപേക്ഷ നല്‍കി പരിശോധന നടപടികള്‍ കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!