അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം; ഭരണത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 1, 2019, 6:43 PM IST
Highlights

ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേ പ്രകാരം കേരളത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ സാധിക്കുന്നതിന് 10 ശതമാനം ആളുകള്‍ മാത്രമാണ് കൈക്കൂലി നല്‍കുന്നുള്ളുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്

തിരുവനന്തപുരം: രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഒന്നാമതെത്തിയത് അഴിമതിക്കെതിരായ സർക്കാർ നടപടികൾക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേ 2019ലാണ് രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.

ഭരണരംഗത്തു നിന്ന് അഴിമതി പൂര്‍ണമായും തുടച്ചു മാറ്റുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഈ ലക്ഷ്യപ്രാപ്തിക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങളും ഒരേ മനസോടെ ജാഗ്രതയോടെ നിലകൊള്ളണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേ പ്രകാരം കേരളത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ സാധിക്കുന്നതിന് 10 ശതമാനം ആളുകള്‍ മാത്രമാണ് കൈക്കൂലി നല്‍കുന്നുള്ളുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

50 ശതമാനം പേര്‍ അവരുടെ കാര്യങ്ങള്‍ സാധിക്കുന്നതിന് ഒരിക്കല്‍ പോലും കൈക്കൂലി നല്‍കിയില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, ഗോവ, ദില്ലി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും അഴിമതി കുറവാണ്. സര്‍വേ പ്രകാരം രാജസ്ഥാന്‍ ആണ് ഏറ്റവും അഴിമതി ഏറിയ സംസ്ഥാനം. ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും അഴിമതിയുടെ കാര്യത്തില്‍ മുന്നിലാണ്. 

click me!