
കൊവിഡിന് പിന്നാലെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം മുതിർന്നവർക്കൊപ്പം കുട്ടിക്കൂട്ടവും വീട്ടിൽ തന്നെ ഇരിപ്പാണ്. പലരും വിവധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. പലതരം പരീക്ഷണങ്ങളും ഈ കാലത്ത് നടക്കുന്നുണ്ട്. അത്തരത്തിലൊരു പരീക്ഷണം നടത്തി ശ്രദ്ധേയനാകുകയാണ് തൃശ്ശൂരിൽ നിന്നുള്ള ഒരു കൊച്ചു മിടുക്കൻ.
ന്യൂസ് പേപ്പറുകൾ ഉപയോഗിച്ച് ട്രെയിൻ നിർമ്മിച്ചാണ് പന്ത്രണ്ടുകാരനായ അദ്വൈത് കൃഷ്ണ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. ഒരു കൽക്കരി എൻജിനും, രണ്ട് ബോഗികളും ചേർന്ന ട്രെയിനിന്റെ ചെറു രൂപമാണ് അദ്വൈത് ഉണ്ടാക്കിയിരിക്കുന്നത്. പൂർണമായും ന്യൂസ് പേപ്പർ ഉപയോഗിച്ചാണ് ട്രെയിൻ തയ്യാറാക്കിയത്. വെറും 3 ദിവസം കൊണ്ട് 33 ന്യൂസ് പേപ്പർ ഷീറ്റുകളും, 10 എ4 ഷീറ്റുകളും പശയും ഉപയോഗിച്ചാണ് ട്രെയിനിന്റെ നിർമ്മാണം.
അദ്വൈതിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഈ മിടുക്കന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയവും രംഗത്തെത്തി."അദ്വൈത് കൃഷ്ണയെ പരിചയപ്പെടാം. കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള 12 വയസുള്ള ഈ കൊച്ചു മിടുക്കൻ തന്റെ ക്രീയാത്മകതയിൽ നിർമ്മിച്ചത് ന്യൂസ് പേപ്പറിൽ ട്രെയിൻ. യഥാർത്ഥ തീവണ്ടിയോട് ഏറെ സാമ്യം പുലർത്തുന്ന ന്യൂസ് പേപ്പർ മാതൃക തയ്യാറാക്കാൻ വെറും 3 ദിവസമേ വേണ്ടി വന്നുള്ളൂ" റെയിൽവേ ട്വിറ്ററിൽ കുറിച്ചു.
അദ്വൈത് ട്രെയിൻ നിർമ്മിക്കുന്ന വീഡിയോയും റെയിൽവേ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അദ്വൈതിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ചേർപ്പ് സിഎൻഎൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam