
കേരളം ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങിയത് കനത്ത വേനൽച്ചൂടിനെ വെല്ലുവിളിച്ചുകൊണ്ടാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ തുടര്‍ന്നിട്ടും, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ വോട്ടർമാർ ആവേശത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തി. ഉച്ചസമയത്തെ കഠിനമായ വെയിലിനെ പോലും അവഗണിച്ചാണ് പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായത്. തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 9-ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാടാണ്. 38.5°C ചൂടാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ടത്. ഇത് സാധാരണ താപനിലയേക്കാൾ 1.6°C കൂടുതലാണ്.
പാലക്കാട് കഴിഞ്ഞാൽ പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലം. ഇവിടെ 36.4°C ചൂട് അനുഭവപ്പെട്ടു. കണ്ണൂർ വിമാനത്താവള പരിസരത്ത് 36.2°C താപനില രേഖപ്പെടുത്തിയപ്പോൾ കോട്ടയത്ത് സാധാരണയേക്കാൾ 1.8°C വർദ്ധനവോടെ 36.0°C ചൂട് രേഖപ്പെടുത്തി. നെടുമ്പാശ്ശേരിയിൽ 35.9°C താപനിലയും കോഴിക്കോട് 35.8°C താപനിലയും രേഖപ്പെടുത്തി. വെള്ളാനിക്കരയിൽ 35.6°C താപനിലയും തിരുവനന്തപുരം സിറ്റിയിൽ 35.3°C ചൂടും അനുഭവപ്പെട്ടു. കണ്ണൂരിൽ 34.4°C താപനില രേഖപ്പെടുത്തിയപ്പോൾ കരിപ്പൂർ വിമാനത്താവള പരിസരത്ത് 34.0°C ആയിരുന്നു ഇന്നത്തെ താപനില. തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 33.7°C താപനിലയും കൊച്ചി നാവൽ എയർ സ്റ്റേഷൻ പരിസരത്ത് 32.8°C താപനിലയുമാണ് രേഖപ്പെടുത്തിയത്.
രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ പല ബൂത്തുകളിലും വലിയ തിരക്കായിരുന്നു. വെയിൽ കഠിനമാകുന്നതിന് മുൻപേ വോട്ട് രേഖപ്പെടുത്താൻ ആളുകൾ കൂട്ടത്തോടെ എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയുള്ള സമയത്തും ചൂടിനെ വകവെക്കാതെ വോട്ടർമാർ ക്യൂ നിൽക്കുന്ന കാഴ്ച ആളുകളുടെ ആവേശത്തെയാണ് കാണിത്തിരുന്നത്. വോട്ടർമാർക്കായി പലയിടങ്ങളിലും കുടിവെള്ളം, തണൽ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരുന്നു. കനത്ത ചൂടിനെത്തുടർന്ന് വോട്ടർമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും കുടയോ തൊപ്പിയോ ഉപയോഗിക്കാനും നിർദ്ദേശമുണ്ടായിരുന്നു.
പാലക്കാട് പോലുള്ള ജില്ലകളിൽ ചൂട് കഠിനമായതിനാൽ വോട്ടർമാർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിരുന്നു. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കേരളം റെക്കോർഡ് പോളിംഗിലേക്ക് നീങ്ങുന്നത് രാഷ്ട്രീയ മുന്നണികളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചൂടിനെക്കാൾ വലിയ ആവേശം വോട്ടർമാരിൽ ദൃശ്യമായതോടെ മെയ് 4-ന് പുറത്തുവരുന്ന ജനവിധി എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam