
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. സ്വന്തം വരുമാനം വർദ്ധിപ്പിച്ചും കേന്ദ്ര അവഗണനയ്ക്കിടയിലും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ചെലവഴിക്കുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ കേരള ബജറ്റിലെ പ്രധാന വരവ്-ചെലവ് കണക്കുകൾ താഴെ പറയുന്നവയാണ്:
സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഈ ബജറ്റിൽ രേഖപ്പെടുത്തുന്നു:
• തനത് നികുതി വരുമാനം: ഈ സർക്കാരിന്റെ കാലത്ത് ശരാശരി പ്രതിവർഷ തനത് നികുതി വരുമാനം 73,002 കോടി രൂപയായി ഉയർന്നു. 2025-26 വർഷത്തിൽ ഇത് 83,731 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു.
• കേന്ദ്ര വിഹിതം: കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയ്ക്കാണ് കണ്ടെത്തുന്നത്.
• നികുതിയിതര വരുമാനം: സംസ്ഥാനത്തിന്റെ നികുതിയിതര വരുമാനത്തിലും വർദ്ധനവുണ്ടായി. ഈ സർക്കാരിന്റെ കാലത്ത് ശരാശരി 15,435 കോടി രൂപയായി ഇത് ഉയർന്നു.
• ക്ഷേമ പദ്ധതികൾ: സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കായി മാത്രം 14,500 കോടി രൂപ വകയിരുത്തി.
• വികസന പദ്ധതികൾ: സംസ്ഥാന പദ്ധതി വിഹിതം 35,750 കോടി രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര സഹായം ഉൾപ്പെടെ ഇത് 44,574.66 കോടി രൂപയാണ്.
• അടിസ്ഥാന സൗകര്യം: കിഫ്ബി വഴി ഇതുവരെ 96,554.53 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി.
റവന്യൂ വരവ് : 1,82,972.10 കോടി രൂപ
റവന്യൂ ചെലവ് : 2,17,558.76 കോടി രൂപ
വരവും ചെലവും തമ്മിലെ വ്യത്യാസം : (-) 34,586.66 കോടി രൂപ
മൂലധന ചെലവ് : (-) 19,384.86 കോടി രൂപ
പൊതുകടം : 51,378.49 കോടി രൂപ (അടുത്ത വർഷം പ്രതീക്ഷിക്കുന്ന അധിക കടം)
• റവന്യൂ കമ്മി: വരവിനേക്കാൾ കൂടുതൽ ചെലവ് വരുന്ന തുകയാണിത്. 2026-27 വർഷത്തിൽ 34,586.66 കോടി രൂപയുടെ റവന്യൂ കമ്മി പ്രതീക്ഷിക്കുന്നു.
• സംസ്ഥാനത്തിന്റെ കടം: 2025-26 വർഷത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ കടം 4,88,910 കോടി രൂപയാണ്. എന്നാൽ സംസ്ഥാനത്തിന്റെ കടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 38.47 ശതമാനത്തിൽ (2021) നിന്നും 33.44 ശതമാനമായി കുറഞ്ഞുവെന്ന് ബജറ്റ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam