
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അഞ്ച് വര്‍ഷ തത്വം പാലിക്കണമെന്നതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ എക്കാലത്തെയും നയം. 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആർ അനുവദിക്കുന്ന പദ്ധതിയുമാണ് നടപ്പാക്കുക.
നിലവിലെ എൻപിഎസിൽ നിന്ന് അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാനുള്ള അവസരമുണ്ടായിരിക്കും. എൻപിഎസിൽ തുടരേണ്ടവർക്ക് അത് തുടരാം. ജീവനക്കാരുടേയും സർക്കാരിന്റേയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ടായിരിക്കും. അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam