
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയിൽ വിഷം കലർത്താൻ വർഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്.
കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുകയാണ്. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മത രാഷ്ട്ര വാദികൾ അവസരം കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം ആവശ്യമാണ്. കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നു. തൊടു ന്യായം പറഞ്ഞു അർഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ്. നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയുണ്ടായി. കേന്ദ്ര അവഗണന എല്ലാവർക്കും ബോധ്യപ്പെട്ടു. പക്ഷേ കേന്ദ്രത്തെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായ ശ്രമം കുറവാണ്.
കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചു. സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുകയാണ്. ഫെഡറലിസം ഇന്ത്യയുടെ ആത്മാവ് ആണ്. പക്ഷേ അത് തകർക്കാൻ കേന്ദ്രം ശ്രമം നടത്തുകയാണെന്നും അതിലെ പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിക്കുന്നത്. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കാർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500ഉം സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam