Mullaperiyar| മരംമുറി ഉത്തരവ് കേരളം റദ്ദാക്കി, തീരുമാനം മന്ത്രിസഭാ യോഗത്തിൽ; സ്വാഗതം ചെയ്ത് പ്രതിപക്ഷം

By Web TeamFirst Published Nov 10, 2021, 7:01 PM IST
Highlights

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത് . ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്നാടിന് കേരളം അനുമതി നൽകിയത്. 

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ തമിഴ്നാട് ഈ ഉത്തരവ് ആയുധമാക്കിയേക്കുമെന്നും അതിനാൽ ഉത്തരവ് റദ്ദാക്കാണമെന്നുമുള്ള നിയമോപദേശമാണ് വിഷയത്തിൽ കേരളത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. വിവാദ ഉത്തരവിട്ട സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യാനും യോഗത്തിൽ തീരുമാനമായി. 

ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്നാടിന് കേരളം അനുമതി നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് കേരളത്തിന്റെ നിർണായക ഉത്തരവിനെ കുറിച്ച് പുറത്തറിഞ്ഞത്. പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ ആവർത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള മരംമുറിക്ക് കേരളം അനുമതി നൽകിയത്. ഇത് വിവാദമായതോടെ ഉത്തവിട്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിതലത്തിലോ മുഖ്യമന്ത്രിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നുമുള്ള ന്യായീകരണവുമായി മന്ത്രിമാർ രംഗത്തെത്തി. 

പ്രതിപക്ഷ കക്ഷികളടക്കം പ്രതിഷേധിച്ചതോടെ വിവാദ ഉത്തരവ് മരവിപ്പിച്ചു. തമിഴ്നാട് കേരളാ സംയുക്ത പരിശോധന നടന്നുവെന്നും അതിന് ശേഷമാണ് മരംമുറിക്കാനുള്ള ഉത്തരവിട്ടതെന്നുമുള്ള നിർണായക വിവരങ്ങൾ പിന്നീട് പുറത്ത് വന്നു. നിയമസഭയിലടക്കം വിഷയം ആളിക്കത്തിയതോടെയാണ് മന്ത്രിസഭായോഗം ചേർന്ന് ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്. 

മന്ത്രിസഭാ യോഗ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വാഗതം ചെയ്തു. എന്നാൽ എങ്ങനെയാണ് ഉത്തരവ് വന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സംഭവത്തിലെ ഗൂഢാലോചന പുറത്ത് വരണം. ജുഡീഷ്യൽ അന്വേഷണം വേണം. വനം- ജലവിഭവ മന്ത്രിമാർ രണ്ട് അഭിപ്രായമാണ് പറഞ്ഞതെന്നും മുല്ലപ്പെരിയാർ കേസിൽ പലതും ചീഞ്ഞുനാറുന്നുവെന്നാണ് കരുതുന്നതെന്നും സതീശൻ ആവർത്തിച്ചു. 

മരംമുറിക്ക് അനുമതി നൽകാൻ യോഗം ചേർന്നില്ലെന്ന് ജലവിഭവ മന്ത്രി : യോഗത്തിൻ്റെ മിനുട്ട്സുണ്ടെന്ന് വനംമന്ത്രി

മരംമുറി : പരസ്പരം പഴിചാരി വനം-ജല വിഭവ ശേഷി മന്ത്രിമാർ 

നിയമസഭയിൽ മുല്ലപ്പെരിയാർ മരംമുറിയിലെ കള്ളക്കളി മറക്കാൻ പരസ്പരം പഴിചാരുകയായിരുന്നു വനം-ജല വിഭവ ശേഷി മന്ത്രിമാർ. മരംമുറി അനുമതിക്ക് മുന്നോടിയായി നവംബർ ഒന്നിന് യോഗം ചേർന്നില്ലെന്നും തെളിവുണ്ടെങ്കിൽ പുറത്ത് വിടാനും മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. നവംബർ ഒന്നിന് ചേർന്ന യോഗത്തിൻറെ മിനുട്ട്സ് കണ്ടെന്നാണ് തിങ്കളാഴ്ച നിയമസഭയിൽ മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നത്. സംയുക്ത പരിശോധനാ ഫയലുകൾ ജലവിഭവ വകുപ്പിന് കീഴിലാണെന്ന് വനംമന്ത്രി പറയുമ്പോൾ പരിശോധന മുഴുവൻ വനംവകുപ്പിൻറെ നടപടിയെന്നാണ് റോഷി അഗസ്റ്റിൻറെ നിലപാട്.

നവംബർ ഒന്നിന് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടികെ ജോസിന്റെ മേൽനോട്ടത്തിൽ ഒരുയോഗവും ചേർന്നില്ലെന്നാണ് റോഷി അഗസ്റ്റിൻ ഉറപ്പിച്ചുപറഞ്ഞത്. റോഷിയുടെ വാദം പൊളിക്കാൻ രണ്ട് തെളിവുകളുവുകളാണ് ഉള്ളത്. 

! നടന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി പറഞ്ഞ യോഗത്തിന്റെ മിനുട്സ് കണ്ടെന്നായിരുന്നു വനംമന്ത്രി സഭയിൽ വിശദീകരിച്ചത്. 

2. മരംമുറിക്ക് അനുമതി നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിൻറെ മരംമുറി ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഉത്തരവിലെ മൂന്നാം റഫൻറസായി നവംബർ ഒന്നിന് ടികെ ജോസ് വിളിച്ച യോഗ തീരുമാനപ്രകാരമാണ് ഉത്തരവെന്ന് ഉണ്ടായിരുന്നു. 

അതിനിടെ സംയുക്തപരിശോധന നടന്നില്ലെന്ന് നേരത്തെ പറഞ്ഞ വനംമന്ത്രി പരിശോധന നടന്നെന്ന് പിന്നീട് തിരുത്തി. ജലവിഭവമന്ത്രിക്ക് വേണ്ടി നിയസഭയിൽ മറുപടിപറഞ്ഞ മന്ത്രി കൃഷ്ണൻ കുട്ടി സംയുക്തപരിശോധന നടന്നുവെന്നും സമ്മതിച്ചു. ഇതെല്ലാം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെയാണ് ഉത്തരവ് റദ്ദാക്കിയത്. 

 

 

click me!