Asianet News MalayalamAsianet News Malayalam

മരംമുറിക്ക് അനുമതി നൽകാൻ യോഗം ചേർന്നില്ലെന്ന് ജലവിഭവ മന്ത്രി : യോഗത്തിൻ്റെ മിനുട്ട്സുണ്ടെന്ന് വനംമന്ത്രി

സംയുക്ത പരിശോധനയ്ക്ക് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് പരിശോധനയ്ക്ക് പോയതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. 
 

conflict regards wood cuttin in mullaperiyar
Author
Thiruvananthapuram, First Published Nov 10, 2021, 3:56 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ (mullaperiyar) (wood cutting) അനുമതി നൽകാൻ നവംബ‍ർ ഒന്നിന് ഔദ്യോഗിക യോഗം ചേർന്നിട്ടല്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ (roshy augustin). നിയമസഭയിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ (AK Saseendran) പറഞ്ഞത് തള്ളിക്കൊണ്ടാണ് റോഷി അഗസ്റ്റിൻ ഔദ്യോഗിക യോഗം ചേർന്നില്ലെന്ന നിലപാട് സ്വീകരിച്ചത്. 

 അനൗദ്യോഗികമായി പോലും അങ്ങനെയൊരു യോഗം ചേര്‍ന്നിട്ടില്ല. ഇക്കാര്യത്തിൽ രേഖയോ മിനിറ്റ്സോ ഇല്ല. യോഗം ചേര്‍ന്നിട്ടില്ലെന്നാണ് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് തന്നോട് പറഞ്ഞത്. സംയുക്ത പരിശോധനയ്ക്ക് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് പരിശോധനയ്ക്ക് പോയതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. 

എന്നാൽ യോ​ഗംചേർന്നെടുത്ത തീരുമാനത്തിൻ്റെ ഭാ​ഗമായിട്ടാണ് മരംമുറിക്ക് അനുമതി നൽകുന്നതെന്ന് പിസിസിഎഫ് ബെന്നിച്ചൻ തോമസ് അഞ്ചാം തീയതിയിലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇതേ വിഷയം കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചപ്പോൾ ഈ യോ​ഗത്തിൻ്റെ മിനുട്ട്സ് തൻ്റെ കൈയ്യിലുണ്ടെന്ന് എ.കെ.ശശീന്ദ്രൻ തന്നെ വ്യക്താക്കിയിരുന്നു. അതായത് ജലവിഭവ മന്ത്രി നടന്നിട്ടില്ല എന്നു പറയുന്ന ഒരു യോ​ഗത്തിൻ്റെ മിനുട്ട്സാണ് വനംമന്ത്രി പ്രതിപക്ഷ നേതാവിനോട് തൻ്റെ കൈയിലുണ്ട് എന്നു പറയുന്നത്. ഇതിന് കാരണം ജലവിഭവ,വനവകുപ്പ് മന്ത്രിമാ‍ർ തമ്മിലുള്ള ഭിന്നതയാണോ അതോ മന്ത്രിമാ‍ർ ചേർന്ന് ഉദ്യോ​ഗസ്ഥരുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണോ എന്ന് വ്യക്തമല്ല. 

മുല്ലപ്പെരിയാ‍ർ വിവാദത്തിൽ അടിമുടി വിവാദങ്ങളും ആശയക്കുഴപ്പങ്ങളും തുടരുന്നതിനിടെയാണ് പുതിയ വിവാദം തലപൊക്കുന്നത്. മുല്ലപ്പെരിയാ‍ർ വിഷയം തിങ്കളാഴ്ച പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ മരംമുറി ഉത്തരവ് ഇറക്കുന്നതിന് മുന്നോടിയായി കേരളത്തിൻ്റേയും തമിഴ്നാടിൻ്റേയും ഉദ്യോ​ഗസ്ഥ‍ർ സംയുക്ത പരിശോധന നടത്തിയെന്ന വാദം വനം മന്ത്രി തള്ളിയിരുന്നു. 

എന്നാൽ പരിശോധനയുടെ തെളിവുകൾ പുറത്ത് വന്നതോടെ നിയമസഭയിൽ ഇന്ന് മുൻ നിലപാട് സർക്കാറിന് തിരുത്തി. ജൂൺ 11ന് നടന്ന സംയുക്ത പരിശോധനയെ കുറിച്ച് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ചെയ‍ർമാൻ്റെ കത്ത് പുറത്തായതോടെയാണ് വെട്ടിലായ സർക്കാർ തിരുത്തിപ്പറഞ്ഞത്. അടിയന്തിര പ്രമേയ നോട്ടീസിന് തിങ്കളാഴ്ച വനംമന്ത്രി മറുപടി നൽകിയത് പരിശോധന നടത്തിയില്ലെന്നാണ്. തെളിവ് പുറത്തായതോടെ ഉത്തരവ് തിരുത്താൻ എ.കെ.ശശീന്ദ്രൻ കത്ത് നൽകിയ കാര്യം ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. പരിശോധന വിവാദത്തിൽ വിഡി സതീശൻറെ സബ്മിഷന് ജലവിഭവ മന്ത്രിക്ക് വേണ്ട മറുപടി പറഞ്ഞ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയും പരിശോധന നടന്നുവെന്ന്  സമ്മതിച്ചിരുന്നു.

പരിശോധനക്ക് പിന്നാലെ ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടരി ടി.കെ.ജോസ് വിളിച്ച യോഗത്തിൽ തമിഴ്നാടിൻറെ മരംമുറി അപേക്ഷയിൽ വേഗത്തിൽ നടപടി പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ഉത്തരവിറക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നാണ് ന്യായീകരണം എങ്കിലും വേഗത്തിലാക്കാനുള്ള നിർദ്ദേശമാണ് ഉത്തരവിലേക്കെത്തിച്ചതെന്നുള്ള കുറ്റസമ്മതം കൂടിയായി മന്ത്രിയുടെ മറുപടി. 

നിയമസഭയിൽ പരിശോധന നടത്തിയില്ലെന്ന പറഞ്ഞ ശശീന്ദ്രൻ ഇന്നലെ എകെജി സെൻററിന് മുന്നിൽ തിരുത്തിയെന്നും മന്ത്രി കൃഷ്ണൻ കുട്ടി പരിശോധന നടത്തിയെന്ന് പറയുമ്പോൾ ആണ് അതിനെ മന്ത്രി തിരുത്തിയതെന്നും വിഡി സതീശൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. മന്ത്രിമാരുടെ വ്യത്യസ്ത നിലപാടുകൾ തന്നെ വിഷയത്തിൽ ദുരൂഹത കൂട്ടുന്നുവെന്നും മരംമുറിക്ക് അനുമതി നൽകിയതോടെ ഇനി പുതിയ ഡാം എന്ന ആവശ്യം ഉന്നയിക്കാനാകില്ലെന്നും കേരളം സുപ്രീം കോടതിയിലെ കേസ് സ്വയം തോറ്റുകൊടുത്തുവെന്നും സതീശൻ വിമർശിച്ചു. ഈ സമയത്തെല്ലാം നിയമസഭയിലുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ല.  ഒടുവിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.
 

Follow Us:
Download App:
  • android
  • ios