എക്സൈസ് - പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ മന്ത്രിസഭാ യോഗ തീരുമാനം

Published : Nov 23, 2022, 03:12 PM IST
എക്സൈസ് - പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ മന്ത്രിസഭാ യോഗ തീരുമാനം

Synopsis

വി തുളസീദാസ് ഐ എ എസിന് ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസറായി പുനർ നിയമനം നൽകും. 70 വയസ്സെന്ന ഉയർന്ന പ്രായപരിധിയിൽ ഇളവ് വരുത്തി, ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും നൽകിയാണ് നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയ്ക്കും എക്സൈസ് വിഭാഗത്തിനും വിരലടയാള ബ്യൂറോയ്ക്കുമായി 130 ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. പൊലിസ് സ്റ്റേഷനുകൾക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിം​ഗർപ്രിന്റ് ബ്യൂറോയിക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാൻ  1,87,01,820 രൂപ അനുവദിച്ചു. അതേ വിഭാ​ഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ വാഹനം വാങ്ങാവൂ എന്ന വ്യവസ്ഥയുമുണ്ട്. എക്സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മ​ഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്.

നിയമനം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെ​ഗുലേറ്ററി കമ്മിഷൻ ചെയർപേഴ്സണായി ടികെ ജോസിനെയും അം​ഗമായി ബി പ്രദീപിനെയും നിയമിക്കും. സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൗൺസൽമാരായ സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെ മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമിക്കും. വി തുളസീദാസ് ഐ എ എസിന് ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസറായി പുനർ നിയമനം നൽകും. 70 വയസ്സെന്ന ഉയർന്ന പ്രായപരിധിയിൽ ഇളവ് വരുത്തി, ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും നൽകിയാണ് നിയമനം. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ പി. ഐ. ഷെയ്ഖ് പരീത് ഐ. എ. എസിന്റെ (റിട്ട) പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകും.

രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും

പട്ടികജാതി-പട്ടിക​വർ​ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതിയുടെ ഭാ​ഗമായി പട്ടികജാതി-പട്ടികവർ​ഗ ​ഗുണഭോക്താക്കളുടെ പേർക്ക് പട്ടികജാതി- പട്ടികവർ​ഗ വികസന വകുപ്പിൽ നിന്നുള്ള ധനസഹായം ഉപയോ​ഗിച്ച ഭൂമി വാങ്ങുമ്പോൾ ആധാര രജിസ്ട്രേഷന് ആവശ്യമായ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും.

തടവുകാർക്ക് ശിക്ഷാ ഇളവിന് മാനദണ്ഡം പരിഷ്കരിക്കും

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനായി അർഹരായ തടവുകാരെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ / മാർ​ഗനിർദ്ദേശങ്ങൾ പരിഷ്ക്കരിക്കും.

ഗ്യാരണ്ടി അനുവദിക്കും

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നും ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ​ഗ്യാരണ്ടി അനുവദിക്കും.

ടേൺ ഓവർ ടാക്സ് ഒഴിവാക്കും

സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേൺഓവർ ടാക്സ് ഒഴിവാക്കും.  1963-ലെ കേരള ജനറൽ സെയിൽസ് ടാക്സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് അവരുടെ വെയർഹൗസ് മാർജിൻ ഒരു ശതമാനം വർദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഡിസ്റ്റിലറികളിൽ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. എന്നാൽ  വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വർദ്ധിക്കും. 

ഡിസ്റ്റിലറികളുടെ ടേൺഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന്  വരുമാന നഷ്ടമുണ്ടാകും.  അത് നികത്തുന്നതിന് വിദേശ മദ്യത്തിന്  നിലവിൽ ചുമത്തുന്ന സംസ്ഥാന പൊതു വിൽപന നികുതി നിരക്കിൽ നാല് ശതമാനം വർദ്ധന വരുത്തും. അതിനായി 1963ലെ കേരള പൊതു വിൽപന നികുതി നിയമത്തിൽ ഭേ​ദ​ഗതി വരുത്താൻ  നിയമസഭയിൽ ബില്ല് അവതരിപ്പിക്കുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയിച്ചുള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടാം ബലാത്സം​ഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കില്ല, ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍
വിജയലഹരിയിൽ മതിമറന്നെത്തി, എൽഡിഎഫ് പ്രവർത്തകരുടെ വീടിന് നേരെ എസ്ഡിപിഐ അക്രമം, സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്