
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാനങ്ങളാണെടുത്തത്.
കണ്‍സഷന്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം നിര്‍മ്മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡ് (എ വി പി പി എൽ ) 03.12.2019-ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍, നിശ്ചിത സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഓഖി, പ്രളയം തുടങ്ങിയ 16 ഫോഴ്സ് മേജ്വര്‍ കാരണങ്ങള്‍ മൂലമാണ് പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും ആയതിനാല്‍, കാലാവധി നീട്ടി നല്‍കണമെന്നും എ വി പി പി എൽ ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വി ഐ എസ് എൽ ) ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഇരുപക്ഷവും ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിക്കുകയുണ്ടായി.
ആര്‍ബിട്രേഷന്‍ തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്ക് നയിക്കുമെന്നതും പദ്ധതി പൂര്‍ത്തീകരണത്തിന് വലിയ കാലതാമസമുണ്ടാകുമെന്നതും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്നതും കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിര്‍മ്മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എ വി പി പി എൽ ആര്‍ബിട്രേഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. 911 കോടി രൂപയുടെ കൗണ്ടര്‍ ക്ലെയിമാണ് വി ഐ എസ് എൽ ഉന്നയിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ആര്‍ബിട്രേഷന്‍ നടപടികള്‍ പിൻവലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കണം.
പദ്ധതി പൂര്‍ത്തീകരിക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവര്‍ഷം ദീര്‍ഘിപ്പിച്ചു നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് പൂര്‍ത്തീകരണ തീയതി 2024 ഡിസംബര്‍ 3 ആയിരിക്കും. കരാര്‍ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, 10,000 കോടി രൂപ എ വി പി പി എൽ മുതല്‍മുടക്കേണ്ട ഈ ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ 17 വര്‍ഷം മുമ്പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ചുരുങ്ങിയ കാലയളവില്‍ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവും.
അഞ്ചുവര്‍ഷം നീട്ടി നല്‍കുമ്പോള്‍ ഈ കാലയളവില്‍ പ്രതിബദ്ധതാ ഫീസായി സര്‍ക്കാര്‍ എ വി പി പി എൽ ന് നല്‍കേണ്ട 219 കോടി രൂപ ഇക്വിറ്റി സപ്പോര്‍ട്ടില്‍ നിന്നും തടഞ്ഞുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയില്‍ നാലു വര്‍ഷത്തേക്കുള്ള തുകയായ 175.2 കോടി രൂപ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കുന്നപക്ഷം എ വി പി പി എൽ ന് തിരികെ നല്‍കും. ഒരു വര്‍ഷത്തെ തുകയായ 43.8 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. അതേസമയം, കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം 2034-ല്‍ തന്നെ റവന്യൂ ഷെയറിംഗ് ആരംഭിക്കും.
മേല്‍ തീരുമാനങ്ങള്‍ എ വി പി പി എൽ അംഗീകരിക്കുന്നപക്ഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമെടുക്കുന്ന മുറയ്ക്ക് ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam