
പാലക്കാട്: കോഴിവളർത്തലിൽ കൂടുതൽ പേരെ ആകർഷിക്കലും ഇറച്ചിക്കോഴി വിപണിയിലിടപെലും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്‍റെ കേരള ചിക്കൻ പദ്ധതി അട്ടപ്പാടിയിലൊരുങ്ങുന്നു. 24 ഏക്കർ പ്രദേശത്തൊരുങ്ങുന്ന ഫാമിന്‍റെ ആദ്യഘട്ടം മാർച്ച് മാസത്തോടെ പ്രവർത്തനം തുടങ്ങും. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി. കോഴിവളർത്തലിൽ തമിഴ്നാട് ഉൾപ്പെടെയുളള അയൽ സംസ്ഥാനങ്ങളുടെ കുത്തക അവസാനിപ്പിക്കുക, കർഷകരെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുത്തുക, ഒപ്പം കോഴിയിറച്ചി വിപണിയിൽ പുതിയ ബ്രാൻഡും തുടങ്ങുക എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ബ്രഹ്മഗരി ഫാർമേഴ്സ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ . അട്ടപ്പാടി വട്ടലക്കിയിൽ അടുത്ത മാർച്ചിൽ ഫാം ആദ്യഘട്ടം പ്രവർത്തനം തുടങ്ങുന്നതോടെ ചുരുങ്ങിയത് 50000 കോഴികളെ വളർത്താനുളള സൗകര്യമുണ്ടാകും.
പദ്ധതിയുടെ 50 ശതമാനം ഗുണഭോക്താക്കൾ ആദിവാസികളാണ്. മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെ, കോഴിവളർത്തലിന് കൂടുതൽ പ്രോത്സാഹനം നൽകും. പ്രശസ്തമായ വെൻകൂബ് ഇനത്തിൽപ്പെട്ട ഇറച്ചിക്കോഴികളെയാണ് കേരള ചിക്കന്‍ പദ്ധതി വഴി വളർത്തുക. ഹാച്ചറിയും സംസ്കരണ കേന്ദ്രവും നിലവിൽ വരുന്നതോടെ, കേരളത്തിലെ ഏറ്റവും വലിയ ഫാം ആകും അട്ടപ്പാടിയിലേത്. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെടുന്ന 1000 പേർക്കെങ്കിലും കോഴിക്കുഞ്ഞുങ്ങളെ നൽകി വളർത്തിയെടുത്ത് വിപണിയിലെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്‍റെ ഔട്ട്ലെറ്റുകൾക്കൊപ്പം സ്വകാര്യ മേഖലയുടെ സാധ്യത കൂടി പരിഗണിച്ച് വിപണിയിടപെടലാണ് ലക്ഷ്യം .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam