'ഒന്നര ലക്ഷം കോടിയുടെ നികുതിയിളവ് നല്‍കിയ സ്ഥാനത്താണ് ഇത് സംഭവിക്കുന്നത്'; കേന്ദ്ര പാക്കേജിനെതിരെ മുഖ്യമന്ത്രി

By Web TeamFirst Published May 18, 2020, 6:16 PM IST
Highlights

സൗജന്യ റേഷന്‍ കൂട്ടിയാല്‍ പോലും സാധാരണക്കാരന്റെ കൈയില്‍ പണമായി എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം വരില്ല.
 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സ്വകാര്യവ്തരണ നയത്തേയും സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയെങ്കിലും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പതിവ് വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

സൗജന്യ റേഷന്‍ കൂട്ടിയാല്‍ പോലും സാധാരണക്കാരന്റെ കൈയില്‍ പണമായി എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം വരില്ല. എന്നാല്‍, കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഒന്നര ലക്ഷം കോടിയുടെ നികുതിയിളവ് നല്‍കിയ സ്ഥാനത്താണ്. ഇത് സംഭവിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പണനയത്തിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് നല്‍കിയ തുകയും ബാങ്കുകള്‍ ചെറിയ പലിശക്ക് കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന തുകയുമാണ് പാക്കേജിലെ സിംഹഭാഗവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയ തുകയില്‍ 8.5 ലക്ഷം കോടി  ഈ മാസം തന്നെ ബാങ്കുകള്‍ മൂന്നര ശതമാനം പലിശക്ക് റിസര്‍വ് ബാങ്കില്‍ തന്നെ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇന്നത്തെ അവസ്ഥയില്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുകയെന്നാണ് വസ്തുത. എയ്‌റോ സ്‌പേസ്, ധാതുഖനനം, അറ്റോമിക് എനര്‍ജി, പ്രതിരോധം തുടങ്ങിയ എല്ലാ മേഖലകളിലും സ്വകാര്യ സംരഭകരാകാം. പൊതുമേഖല ചില തന്ത്ര പ്രധാന മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഒരു മേഖലയില്‍ നാല് പൊതുമേഖല മാത്രമേ അനുവദിക്കൂ എന്നത് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതല്ല. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പാക്കേജായിരുന്നു വേണ്ടത്. അത് ഇനിയും വന്നിട്ടില്ല. ഏതായാലും പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന നിലപാടായിരിക്കും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

click me!