
തിരുവവന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന്‍റെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിന്‍റേയും പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകൾക്ക് എതിരായ നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്.
മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെയെന്നും ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ കൊലപാതകം വലിയ വിവാദമായതിനിടെയാണ് പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി രംഗത്തെത്തിയത്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍തന്നെയാണെന്നും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റേയും പൊലീസിന്‍റെയും വാദങ്ങളോട് യോജിക്കുന്ന നിലപാടാണ് ചീഫ് സെക്രട്ടറിയും സ്വീകരിക്കുന്നത്. പ്രതിപക്ഷവും സിപിഐയും മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന വാദവുമായി രംഗത്തെത്തുന്ന സമയത്താണ് പരസ്യമായ അഭിപ്രായ പ്രകടനവുമായി ചീഫ് സെക്രട്ടറിയും എത്തുന്നത്.
അതിനിടെ മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെക്കുറിച്ച് സിപിഐ സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറി.പി പ്രസാദ്, മുഹമ്മദ് മുഹസിൻ, പ്രകാശ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്.
നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മാവോയിസ്റ്റുകളെ വെള്ളപൂശേണ്ടെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കെയാണ് സിപിഐ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam