'സവർക്കറെ ധീര ദേശാഭിമാനി ആയി ചിത്രീകരിക്കാൻ ശ്രമം'; രാഹുലിനേയും കോൺഗ്രസിനേയും പരിഹസിച്ച് വീണ്ടും മുഖ്യമന്ത്രി

By Web TeamFirst Published Sep 23, 2022, 7:12 PM IST
Highlights

'കോൺഗ്രസ്‌ എന്നത് ഇന്ന് വലിയ ഒരു പാർട്ടിയല്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ബിജെപി ഇതര പാർട്ടികൾ ഉണ്ട്. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ചേർന്ന് ബിജെപിയെ പുറത്താക്കുന്ന കാര്യം ആലോചിക്കണം'

തൃശ്ശൂർ: രാഹുൽ ഗാന്ധിക്കും കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കും എതിരെ വീണ്ടും ആഞ്ഞടിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ പ്രത്യയശാസ്ത്രം എത്ര മാത്രം കോൺഗ്രസ് ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിലെ സവർക്കറുടെ ചിത്രമെന്ന് മുഖ്യമന്ത്രി. സവർക്കറെ ധീര ദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ബിജെപിക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് ആകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിക്ക് കരുത്തുള്ളിടത്ത്  കോൺഗ്രസ് എന്തെങ്കിലും ചെയ്യുന്നുണ്ടോ. ഭാരത് ജോഡോ യാത്ര പോലും ക്രമീകരിച്ചിരിക്കുന്നത് കേരളത്തിൽ 19 ദിവസവും, യുപിയിൽ 4 ദിവസവും എന്ന നിലയിലാണ്. ബിജെപിയെ തോൽപ്പിക്കാൻ താൽപ്പര്യം ഉള്ളവർ അതാത് സംസ്ഥാനങ്ങളിൽ ഒരുമിച്ചു നിൽക്കണം. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ചേർന്ന് ബിജെപിയെ പുറത്താക്കുന്ന കാര്യം ആലോചിക്കണം. കോൺഗ്രസ്‌ എന്നത് ഇന്ന് വലിയ ഒരു പാർട്ടിയല്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ബിജെപി ഇതര പാർട്ടികൾ ഉണ്ട്.

കേരളത്തിൽ നിന്നും പോയ കോൺഗ്രസ്‌ എംപിമാർ കേരളത്തിന്‌ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. അടുത്ത 25 വർഷം കൊണ്ട് കേരളത്തെ മധ്യവർഗ വരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിൽ എത്തിക്കും. പക്ഷെ ഇതനുവദിക്കില്ല എന്ന നിലപാടാണ് കോൺഗ്രസിനും ബിജെപിക്കും എന്ന് മുഖ്യമന്ത്രി തൃശ്ശൂരിൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര:'പാതയോരത്തു ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത് പാര്‍ട്ടിയുടെഹുങ്ക് ,നിയമലംഘനം അറിഞ്ഞു കൊണ്ട് നടത്തി'

ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്ലക്സ് ബോർഡുകളില്‍ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഇത് ഭരണപരാജയമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകാൻ പാടില്ലായിരുന്നു.എല്ലാം കോടതി തന്നെ ആണോ ചെയ്യേണ്ടത്? സർക്കാരിന് ചില ഉത്തരവാദിത്തം ഉണ്ട്.ഒരു ഉത്തരവിടുന്നത് അത് നടപ്പാക്കാൻ ആണ്. പാതയോരത്ത് ഇത്തരം ബോർഡുകൾ വെക്കാൻ ആരാണ് അനുമതി നൽകിയത്? ഭാരത് ജോഡോ യാത്രയിൽ അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് രാഷ്ട്രീയ പാർട്ടിയുടെ ഹുങ്കെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു.നിയമലംഘനം അറിഞ്ഞു കൊണ്ട് നടത്തി. റോഡിൽ നിറയെ ഫ്ലക്സ് ബോർഡുകളാണ്.3 പ്രധാന പാർട്ടികളും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ഇക്കാര്യം പറയുന്ന ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

click me!