'ഭാരം സാധാരണ ജനങ്ങളുടെ തലയിൽ, കേരളത്തിലും ചെറുകിട സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്നു, കേന്ദ്ര നയം തിരുത്തപ്പെടണം'; പാചക വാതക വിലവർധനയിൽ മുഖ്യമന്ത്രി

Published : May 03, 2026, 07:04 PM IST
Pinarayi Vijayan

Synopsis

വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ചതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിലവർദ്ധന ഹോട്ടൽ വ്യവസായത്തെ തകർക്കുമെന്നും ഇതിന്റെ ഭാരം സാധാരണ ജനങ്ങളുടെ മേൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തണമെന്നും വർധിപ്പിച്ച വില പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില കൂട്ടിയതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ച് 3000 രൂപയിലെത്തിയിരുന്നു. മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ലെന്നും ഇത് സാധാരണ ജനങ്ങളെയാണ് ബാധിക്കുകയെന്നും മുഖ്യമന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർദ്ധിപ്പിച്ച് 3,000 രൂപയിൽ അധികമാക്കിയത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ്

രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വർദ്ധനവ്.

പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ല. അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്.

എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണം. അമിതമായി വർദ്ധിപ്പിച്ച ഈ തുക ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.'- മുഖ്യമന്ത്രി പിണറായി വിജയൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിജോ കാപ്പൻ ഇനി ഓർമ്മ; സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ പൂർത്തിയായി, അന്തിമോപചാരമർപ്പിച്ച് നിരവധി പേർ
'ഇടതുമുന്നണി തുടർഭരണം നേടും, ഞങ്ങൾക്കൊരാശങ്കയുമില്ല'; പിണറായിയുടേത് കരുത്തുറ്റ നേതൃത്വമെന്ന് ടി പി രാമകൃഷ്ണൻ