മുഖ്യമന്ത്രി മത്സരത്തിന് ഞാനില്ല, 24 മണിക്കൂറിനകം ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും മുരളീധരൻ; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് നേതാക്കൾ

Published : May 12, 2026, 02:20 PM IST
kerala leaders

Synopsis

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ താനില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കുകയും 24 മണിക്കൂറിനകം ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും അറിയിച്ചു

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങൾ പുറത്ത്. രാഹുൽ ഗാന്ധിയാണ് യോഗത്തിൽ പ്രധാനമായും കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മുൻ കെ പി സി സി അധ്യക്ഷൻ മാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളെയാണ് ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. ഇതിൽ ആദ്യം സംസാരിച്ചത് തിരുവഞ്ചൂരാണ്. രാഹുൽ ഗാന്ധി യാണ് കാര്യങ്ങൾ ചോദിച്ചതെന്നും തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. തന്നോട് ചോദിച്ച കാര്യങ്ങൾക്കെല്ലാം മറുപടി നൽകി. തീരുമാനം ഉടൻ തന്നെ ഉണ്ടാകുമെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡിന് ആശയക്കുഴപ്പമുണ്ടോ എന്ന് തന്നെ കൊണ്ട് പറയിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ പ്രഖ്യാപനമെന്ന് മുരളീധരൻ

അതേസമയം കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടാമത് പുറത്തിറങ്ങിയ കെ മുരളീധരൻ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പറഞ്ഞത്. തനിക്ക് പറയാനുള്ളത് പറഞ്ഞു, തന്‍റെ കാര്യങ്ങൾ എല്ലാം പറഞ്ഞു. എത്ര സമയം എന്നതല്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനമെന്നും മുരളി വിവരിച്ചു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് ആണെന്ന് പറഞ്ഞ മുരളീധരൻ, അല്ലെങ്കിലും തനിക്ക് അതൃപ്തി ഇല്ലെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ ജനങ്ങൾക്ക് അതൃപ്തി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. 24 മണിക്കൂറിനകം തീരുമാനം അറിയാമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉള്ള മത്സരത്തിൽ താനില്ലെന്നും മുരളീധരൻ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അനിൽകുമാർ, ഷാഫി പറമ്പിൽ, വിഷ്ണുനാഥ് എന്നിവർ കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയെങ്കിലും മാധ്യമങ്ങളെ കണ്ടില്ല. ഇനി കെ സുധാകരൻ, എം എം ഹസൻ എന്നിവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ദില്ലിയിലേക്ക് വിളിപ്പിച്ചെങ്കിലും എത്താൻ കഴിയാത്ത വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അഭിപ്രായവും ഫോണിലൂടെ തേടിയിട്ടുണ്ട്.

യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പി, ടി സിദ്ദിഖ് എം എൽ എ എന്നിവരുടെയും അഭിപ്രായം ഹൈക്കമാൻഡ് തേടും. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലും വി ഡി സതീശനെ അനുകൂലിച്ച് റാലികൾ ഒരുങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിദ്ദിഖിനെ ദില്ലിയിലേക്ക് വിളിപ്പിക്കുന്നതെന്നാണ് സൂചന. അതേസമയം കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചതെന്ന് എ ഐ സി സി വൃത്തങ്ങൾ വ്യക്തമാക്കി. നേതാക്കളുടെ അഭിപ്രായം കേട്ട ശേഷം രാഹുൽ ​ഗാന്ധി തീരുമാനിക്കും. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് പറഞ്ഞിട്ടില്ല. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയും ആരെയും നിർദ്ദേശിച്ചില്ലെന്നാണ് സൂചന. അതേസമയം എം എൽ എമാരുടെ എണ്ണം അവഗണിക്കരുതെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ സി വേണു​ഗോപാലിനെ പിന്തുണയ്ക്കുന്നവർ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പുതിയ സ‍ർക്കാ‍ർ ആദ്യ പരിഗണന നൽകേണ്ടത് ഈ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കാൻ'; ആവശ്യവുമായി സിൽവർലൈൻ വിരുദ്ധ സമര സമിതി
കേരള നേതാക്കളോട് രാഹുൽ ഗാന്ധിയുടെ 3 ചോദ്യം! ആരാണ് ഈ ശക്തി പ്രകടനങ്ങൾക്ക് പിന്നിൽ, അതിനുള്ള സാഹചര്യമെന്ത്? പാർട്ടി പറഞ്ഞാൽ അവസാനിക്കുമോ?