രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും എംപിമാരോടുള്ള കയ്യേറ്റവും അംഗീകരിക്കാനാകില്ല, ദില്ലി പൊലീസിനെതിരെ മുഖ്യമന്ത്രി

Published : Jul 21, 2026, 09:03 PM IST
RAHUL VDS

Synopsis

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ദില്ലി പൊലീസ് കയ്യേറ്റം ചെയ്തതിനെ അപലപിച്ച് മുഖ്യമന്ത്രി. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യവിരുദ്ധമാണെന്നും ഭീതിയുടെ രാഷ്ട്രീയം വിജയിക്കില്ലെന്നും സതീശൻ

ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ ജനപ്രതിനിധികളെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രതിഷേധം വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്. ഡൽഹി പൊലീസ് സ്വീകരിച്ച നടപടികൾ പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ദില്ലി പൊലീസ് നിരത്തിൽ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും നിരവധി എം പിമാർക്ക് നേരെ കയ്യേറ്റമുണ്ടായതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഇത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ദില്ലിയിലെ തെരുവുകളിൽ വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും കണ്ടത്. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ല. രാഹുൽ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഉയർത്തുന്ന ശബ്ദം രാജ്യത്തിന്റെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്. അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പൊലീസ് അതിക്രമം ജനാധിപത്യ വിരുദ്ധം: സണ്ണി ജോസഫ്

ദില്ലി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്‍റും വൈദ്യുത മന്ത്രിയുമായ സണ്ണി ജോസഫും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേന്ദ്രസേനയുടെയും ദില്ലി പൊലീസിന്റെയും അതിക്രമം അത്യന്തം പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ജനപ്രതിനിധികളെന്ന പരിഗണന നല്‍കാതെയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാൽ, മന്ത്രി പി സി വിഷ്ണുനാഥ്, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍കുര്യക്കോസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കാനുള്ള അവകാശം ജനപ്രതിനിധികള്‍ക്കുണ്ട്. ബലപ്രയോഗത്തിലൂടെ അത് ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഭാവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. അതിനെ കൈയൂക്ക് കൊണ്ട് തകര്‍ക്കാമെന്ന് മോദി ഭരണകൂടം കരുതരുത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളെ മോദി ഭരണകൂടം ദുര്‍ബലപ്പെടുത്തുകയാണ്. ജനപ്രതിനിധികള്‍ക്കെതിരായ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. നീറ്റ് - യുജി ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദനമാണ് കേന്ദ്രസേന കഴിഞ്ഞ ദിവസം നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ജനപ്രതിനിധികള്‍ക്ക് നേരെയുണ്ടായത്. പാര്‍ലമെന്റിനകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിലും ഗുരുതര വീഴ്ചയിലും നടപടിയെടുക്കുന്നതിലെ അലംഭാവത്തിനുമെതിരെയാണ് രാജ്യത്തെ യുവജനത തെരുവിലിറങ്ങിയത്. അവരുടെ ആശങ്ക കേള്‍ക്കാനും അവരുമായി ചര്‍ച്ച നടത്താനും പ്രധാനമന്ത്രി തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ അലനും മടങ്ങി; കൂരോപ്പടയിൽ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ നാലുപേരും യാത്രയായി
തിരുവനന്തപുരത്ത് വൻ നീക്കവുമായി യുവാക്കൾ; മാനവീയം വീഥിയിൽ ജൂലൈ 23-ന് വൈകിട്ട് ദില്ലി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിഷേധത്തിന് നീക്കം