കോക്കോണിക്സിന് ലക്ഷ്യം നേടാനായില്ല, പദ്ധതി പാളി; നിർമ്മിക്കാനായത് 12636 ലാപ്ടോപ്പുകൾ മാത്രം

Published : Feb 25, 2023, 09:10 AM ISTUpdated : Feb 25, 2023, 06:50 PM IST
കോക്കോണിക്സിന് ലക്ഷ്യം നേടാനായില്ല, പദ്ധതി പാളി; നിർമ്മിക്കാനായത് 12636 ലാപ്ടോപ്പുകൾ മാത്രം

Synopsis

കേരളത്തിനിതാ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 2019 ലാണ് കൊക്കോണിക്സ് പദ്ധതി പ്രഖ്യാപിച്ചത്. പതിവ് പോലെ മാസ്റ്റര്‍ ബ്രെയിൻ എം ശിവശങ്കറായിരുന്നു

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച കൊക്കോണിക്സ് പദ്ധതി പാളി. പ്രതി വര്‍ഷം രണ്ട് ലക്ഷം ലാപ്ടോപുകളുടെ വിൽപ്പന കണക്കാക്കി 2019 ൽ പ്രഖ്യാപിച്ച പദ്ധതിയിൽ ഇത് വരെ നിര്‍മ്മിച്ചത് 12636 ലാപ്ടോപ്പുകൾ മാത്രം. ഗുണനിലവാരത്തിൽ തുടങ്ങി വില നിര്‍ണ്ണയത്തിൽ വരെ പ്രശ്നം കണ്ടെത്തി. ഇതോടെ പദ്ധതി പുനസംഘടിപ്പിക്കാൻ വ്യവസായ വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങൾ വ്യക്തത പോരെന്ന് രേഖപ്പെടുത്തി ചീഫ് സെക്രട്ടറി തിരിച്ചയച്ചു.

കേരളത്തിനിതാ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 2019 ലാണ് കൊക്കോണിക്സ് പദ്ധതി പ്രഖ്യാപിച്ചത്. പതിവ് പോലെ മാസ്റ്റര്‍ ബ്രെയിൻ എം ശിവശങ്കറായിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രതിവര്‍ഷം ആവശ്യമുള്ള ഒരുലക്ഷം കമ്പ്യൂട്ടറുകളും ഒപ്പം പൊതുവിപണിയും ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. വര്‍ഷം രണ്ടു ലക്ഷം ലാപ്ടോപ്പെങ്കിലും വിൽക്കാനായിരുന്നു പദ്ധതി.

യുഎസ്ടി ഗ്ലോബല്‍ എന്ന വന്‍കിട ഐടി കമ്പനിയുമായി സഹകരിച്ചാണ് കൊക്കോണിക്സ് വിഭാവനം ചെയ്തത്. മൺവിളയിൽ സര്‍ക്കാരിന്റെ രണ്ടര ഏക്കര്‍ പാട്ടത്തിന് നൽകി. കടമെടുത്ത മൂന്നര കോടി കൊണ്ട് കെട്ടിടം പുതുക്കി. യുഎസ്ടിക്ക് 49 ഉം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്സലറോണിന് 2 ശതമാനവും ഓഹരി നൽകിയതോടെ 51 ശതമാനം ഓഹരി സ്വകാര്യ മേഖലക്കായിരുന്നു. മെമ്മറിയും, പ്രോസസ്സറും അടക്കം 60 ശതമാനം ഘടകങ്ങൾ ഇറക്കുമതി ചെയ്താണ് കോക്കോണിക്സ് നിര്‍മ്മാണം തുടങ്ങിയത്.

കുറഞ്‍ഞ ചെലവിൽ കുട്ടികൾക്ക് ലാപ് ടോപ് നൽകുന്നതിന് വിദ്യാകിരണം അടക്കം പദ്ധതികളുണ്ടാക്കി. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകൾ കൊക്കോണിക്സ് വാങ്ങണമെന്ന് ചട്ടം കെട്ടി. നിയമസഭയിൽ സര്‍ക്കാര്‍ നൽകിയ വിവരം അനുസരിച്ച് ഇതുവരെ നിര്‍മ്മിച്ചത് 12,636 ലാപ്ടോപ്പുകൾ മാത്രമാണ്. അതിൽ തന്നെ 2300 എണ്ണത്തിന് തകരാറും കണ്ടെത്തി. ഇ-കൊമേഴ്സ് സൈറ്റുകളിൽ വിൽപ്പനക്ക് വച്ചെങ്കിലും വൻതോതിൽ വില കുറച്ച് മറ്റ് ബ്രാന്റുകൾ മത്സരിക്കാനെത്തിയത് തിരിച്ചടി. വൻകിട കമ്പനികളുടെ വിപണന തന്ത്രത്തിന് മുന്നിൽ കൊക്കോണികിസിന് കാലിടറി. ഒപ്പം ഗുണനിലവാര പ്രശ്നങ്ങളും കൂടിയായപ്പോൾ പൂര്‍ണ്ണമായും നിലതെറ്റി. ബിസിനസ് മോഡലിൽ ആസൂത്രണമുണ്ടായില്ലെന്ന് വ്യവസായ മന്ത്രിയും സമ്മതിക്കുന്നു.

നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതീക്ഷകളുടെ ഏഴയലത്തു പോലും എത്താൻ പദ്ധതിക്കായില്ല. കെൽട്രോണിനും കെഎസ്ഐഡിസിക്കും തുല്യ ഓഹരി പങ്കാളിത്തം നൽകി ഈ പദ്ധതി പനസംഘടിപ്പിക്കാനാണ് വ്യവസായ വകുപ്പിന്റെ ശുപാര്‍ശ. ആസ്തി ബാധ്യത വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഫയൽ മടക്കി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ലാപ്ടോപ് നിര്‍മ്മിച്ച് വിപണി കീഴടക്കാനിറങ്ങിയത്. വൻകിട പദ്ധതി വേണ്ടത്ര ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച് കൈ പൊള്ളിയ അനുഭവങ്ങളുടെ കൂട്ടത്തിലാണ് കൊക്കോണിക് ഇപ്പോൾ.
 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി