
ദില്ലി: കെപിസിസിയിൽ തർക്കം കനത്തു. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരണവുമായി കൂടുതൽ നേതാക്കൾ രംഗത്ത് വന്നു. കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ല. വർക്കിങ് പ്രസിഡന്റ് ആയ താൻ പോലും വിവരങ്ങൾ അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണ്. കെപിസിസി നേതൃത്വത്തിനെതിരെ വ്യാപകമായി വിമർശനം ഉണ്ട്. മുല്ലപ്പള്ളിയും സുധീരനും വിട്ടുനിന്നത് ചർച്ച ചെയ്യണം. കെ സുധാകരനും വിഡി സതീശനും എതിരായ പരാതികൾ കേന്ദ്രനേതൃത്വത്തിന് അറിയാം. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
അതേസമയം കോൺഗ്രസ് പ്ലീനറി സമ്മേളനം റായ്‌പൂരിൽ പുരോഗമിക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്നവരോടും അടുക്കാനാണ് പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് തീരുമാനം. ടി എം സി ,ബി ആർ എസ് , എ എ പി പാർട്ടികളെ പരാമർശിക്കാതെ രാഷ്ട്രീയ പ്രമേയത്തിൽ നിർദ്ദേശമുണ്ട്. ദേശീയ നേതൃത്വത്തിനൊപ്പം സംസ്ഥാന ഘടകങ്ങളും ചർച്ചകൾക്ക് മുൻകൈയെടുക്കണം. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷങ്ങളെ ഒന്നിപ്പിക്കാനുള്ള നീക്കം ഫലം കണ്ടില്ലെന്നും ബിജെപി യെ എതിർക്കാൻ ഇപ്പോഴത്തെ ശക്തി പോരെന്നും ആത്മവിമർശനം പ്ലീനറി സമ്മേളനത്തിൽ ഉയർന്നു.
വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിർണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങൾ ഇന്ന് നേതാക്കളുടെ പരിഗണനയ്ക്ക് എത്തും. പാർട്ടി ദേശീയ അധ്യക്ഷനായി മല്ലികാർജ്ജുൻ ഖർഗയെ തെരഞ്ഞെടുത്ത തീരുമാനത്തിന് അംഗീകാരം നൽകും. പതാക ഉയർത്തലിന് ശേഷം പത്തരയോടെ ഖർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്യും. മുൻ അധ്യക്ഷ സോണിയ ഗാന്ധി നന്ദി രേഖപ്പെടുത്തും.