കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസിൽ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും. ജോസ് കെ മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമർപ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതിയുടെ വിധി.
കേരള കോൺഗ്രസ് അധികാരത്തർക്കത്തിൽ ജോസഫ്_ജോസ് വിഭാഗങ്ങൾക്ക് നിർണായകമായ വിധി. ജോസ് കെ മാണിയ്ക്ക് പാർട്ടി ചെയർമാന്‍റെ അധികാരം ലഭിക്കുമോ എന്ന് കട്ടപ്പന സബ്കോടതി തീരുമാനിക്കും. പാർട്ടിയിലെ തർക്കങ്ങൾക്കിടെ ജോസ് വിഭാഗം കഴിഞ്ഞ ജൂണിൽ കോട്ടയത്ത് വിളിച്ച് കൂട്ടിയ സംസ്ഥാന കമ്മിറ്റി ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് കാണിച്ച് ജോസഫ് വിഭാഗം തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചു.
തൊടുപുഴ കോടതി ജോസ് കെ മാണി പാർട്ടി ചെയർമാന്‍റെ അധികാരം പ്രയോഗിക്കുന്നത് സ്റ്റേ ചെയ്തു. വിശദമായി വാദം കേൾക്കുന്നതിനിടെ തൊടുപുഴ മുൻസിഫ് കേസിൽ നിന്ന് പിന്മാറി. ഇതോടെ ഇടുക്കി മുൻസിഫ് കോടതിയിലേക്ക് കേസ് എത്തി. ഒരു മാസം നീണ്ട വാദത്തിനൊടുവിൽ തൊടുപുഴ കോടതിയുടെ സ്റ്റേ നിലനിൽക്കുമെന്ന് ഇടുക്കി മുൻസിഫ് അറിയിച്ചു. ഇതിനെതിരെ ജോസ് കെ മാണിയും കെ എ ആന്‍റണിയും കട്ടപ്പന സബ് കോടതിയെ സമീപിക്കുകയായിരുന്നു.
വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം നാളെ തിരുവനന്തപുരത്ത് പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam