
തിരുവനന്തപുരം: പിജെ ജോസഫിന് അർഹമായ ക്യാബിനറ്റ് പദവി വൈകുന്നതിൽ കേരള കോൺഗ്രസ് പാർട്ടിക്ക് അതൃപ്തി. എം കെ മുനീറിനും ജി ദേവരാജനും ഒപ്പം തന്നെ പിജെ ജോസഫിനും ഉള്ള പദവിയിലും നേരത്തെ ധാരണയുണ്ടായിരുന്നെന്നാണ് കേരള കോൺഗ്രസിന്റെ വാദം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് മന്ത്രി മോൻസ്ജോസഫ് വീണ്ടും ആവശ്യമുന്നയിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ പിജെ ജോസഫ് മത്സരിക്കാതെ മാറി നിന്നപ്പോൾ തന്നെ ക്യാബിനറ്റ് റാങ്കിൽ സുപ്രധാന പദവി യുഡിഎഫ് നേതൃത്വം ഉറപ്പുനൽകിയിരുന്നു. സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കാണ് പിജെ ജോസഫ് എന്നായിരുന്നു ചർച്ചകൾ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് എംകെ മുനീറിനെയും ദില്ലിയിലെ പ്രത്യേക പ്രതിനിധിസ്ഥാനത്ത് ജി ദേവരാജനെയും കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുകയും എന്നാൽ പിജെ ജോസഫിനെ അവഗണിക്കുകയും ചെയ്തതിലാണ് കേരള കോൺഗ്രസ് പാർട്ടിക്ക് അതൃപ്‌തി. യുഡിഎഫിന്റെ പ്രഥമ കൺവീനർ കൂടിയായ മുതിർന്ന നേതാവ് പിജെ ജോസഫിന് ആദ്യ പരിഗണന നൽകണം എന്നതായിരുന്നു കേരള കോൺഗ്രസിന്റ ആവശ്യം. കേവലം കേരള കോൺഗ്രസിന്റെ അക്കൗണ്ടിൽ അല്ല യുഡിഎഫിന്റെ ഭാഗമായി തന്നെ പിജെ ജോസഫിനുള്ള സ്ഥാനം നൽകണമെന്നും മുന്നണി നേതൃത്വത്തെ കേരള കോൺഗ്രസ് അറിയിച്ചിരുന്നു.
കേരള കോൺഗ്രസ് പാർട്ടിക്ക് അകത്തും പ്രശ്നങ്ങളുണ്ട്. പദവിക്കായി മന്ത്രിസ്ഥാനം കിട്ടാത്ത തോമസ് ഉണ്ണിയാടനും കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉണ്ണിയടനെ അവഗണിച്ച് പിജെയ്ക്ക് പദവി കൊടുക്കുമ്പോഴുള്ള പ്രതിസന്ധിയും മുന്നിൽ കാണുന്നു. മാണി സി കാപ്പനും മുന്നണിയിൽ അതൃപ്തിയുണ്ട്. അനൂപ് ജേക്കബിന് ഒപ്പം കാപ്പൻ മന്ത്രിസ്ഥാനം പങ്കിടുമെന്ന ചർച്ചകൾ ആദ്യം ഉണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീട് കാപ്പന് ക്യാബിനറ്റ് റാങ്കോടെ നോർക്ക വൈസ് ചെയർമാൻ സ്ഥാനം നൽകാൻ ധാരണയാണെങ്കിലും മുംബൈയിലെ കേസ് വന്നതോടെ അത് മുന്നോട്ടു പോയില്ല. അടുത്ത മന്ത്രിസഭായോഗത്തിൽ പിജെ ജോസഫിന്റെയും മാണി സി കാപ്പന്റെയും കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പുതിയ സാഹചര്യത്തിൽ പദ്ധതി ഉണ്ടാകുമോ അതിന് ക്യാബിനറ്റ് റാങ്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam