സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം; ജോസ് പക്ഷത്തിന്‍റെ നിലപാടെന്ത്?

By Web TeamFirst Published Jul 22, 2020, 7:04 AM IST
Highlights

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് വീണ്ടും തുടക്കം.യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരളാ കേണ്‍ഗ്രസ് ജോസ് പക്ഷത്തിന് അഗ്നിപരീക്ഷണമാണ് തിങ്കളാഴ്ച നിയമസഭയില്‍ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയം.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയം കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നിര്‍ണായകം. ഒരു മുന്നണിയുടേയും ഭാഗമല്ലാതെ സ്വതന്ത്രമായി നില്‍ക്കുന്ന ജോസ് പക്ഷത്തെ രണ്ട് എംഎല്‍എമാര്‍ക്ക് അവിശ്വാസ പ്രമേയത്തില്‍ നിലപാടെടുക്കേണ്ടി വരും. വിപ്പ് ആര് നല്‍കും എന്നതിനെച്ചൊല്ലിയും ജോസ്^ജോസഫ് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയിട്ടുണ്ട്

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് വീണ്ടും തുടക്കം.യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരളാ കേണ്‍ഗ്രസ് ജോസ് പക്ഷത്തിന് അഗ്നിപരീക്ഷണമാണ് തിങ്കളാഴ്ച നിയമസഭയില്‍ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയം.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ വിധി വന്നിട്ടില്ലാത്തതിനാല്‍ വിപ്പ് നല്‍കാനുള്ള അധികാരം വര്‍ക്കിംഗ് ചെർയര്‍മാനായ പിജെ ജോസഫില്‍ നിക്ഷിപ്തമാണ്.

ജോസ് പക്ഷം പ്രമേയത്തെ എതിര്‍ത്താലും വിട്ട് നിന്നാലും വിപ്പ് ലംഘനമാകും. പ്രമേയത്തെ അനുകൂലിച്ചാല്‍ ജോസ് കെ മാണി യുഡിഎഫ് ബന്ധം മുറിച്ചിട്ടില്ലെന്ന് കരുതാം.പിജെ ജോസഫിന് പാര്‍ട്ടിക്കുള്ളില്‍ മേല്‍ക്കൈ ലഭിക്കുകയും ചെയ്യും.പ്രമേയത്തിനെ അനുകൂലിക്കുന്ന നിലപാട് ഒരിക്കലും ഉണ്ടാകില്ലെന്നാണ് ജോസ് പക്ഷം നേതാക്കള്‍ നല്‍കുന്ന സൂചന.വിപ്പ് നല്‍കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് കാണിച്ച് ജോസ്പക്ഷത്തെ റോഷി അഗസ്റ്റിൻ എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കും.

സിപിഐ ഇടഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇടത് പ്രവേശനവും ജോസ് കെ മാണിക്ക് ഉറപ്പിക്കാനായിട്ടില്ല.സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിന്‍റെ പ്രതിഛായ ഇടിഞ്ഞതിനാല്‍ ഇടത് പ്രവേശത്തെ ജോസ് കെ മാണിക്കൊപ്പമുള്ള ഭൂരിഭാഗം പേരും എതിര്‍ക്കുന്നു.വിപ്പ് താൻ നല്‍കുമെന്നും ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും പിജെ ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു.

വിഷയം ചര്‍ച്ച ചെയ്യാൻ ജോസ് പക്ഷം ഈയാഴ്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്.കേരളാ കോണ്‍ഗ്രസിന്‍റെ അ‍‍‍ഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ജോസഫിനൊപ്പവും രണ്ട് പേര്‍ ജോസിനൊപ്പവുമാണ്.

click me!