പാലക്കാട് വാളയാറിൽ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ‍് സ്വദേശി റാം നാരായണന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിന്‍റെ പ്രാഥമിക പരിശോധന ഫലം പുറത്തുവന്നു. തല മുതൽ കാലുവരെ 40ലധികം മുറിവുകളാണ് പരിശോധനയിൽ കണ്ടെത്തി
തൃശൂര്‍: പാലക്കാട് വാളയാറിൽ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ‍് സ്വദേശി റാം നാരായണന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിന്‍റെ പ്രാഥമിക പരിശോധന ഫലം പുറത്ത്. റാം നാരായണന്‍റെ തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. റാം നാരായണന്‍റെ തല മുതൽ കാലുവരെയുള്ള ശരീരത്തിൽ 40ലധികം മുറിവുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. പുറം ഭാഗം മുഴുവൻ വടികൊണ്ട് അടിച്ചു പൊളിച്ചു. ശരീരത്തിൽ ചവിട്ടിയതിന്‍റെയും നിലത്തിട്ട് വലിച്ചതിന്‍റെയും അടയാളങ്ങളും ശരീരത്തിലുണ്ട്. തലയിൽ രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിന് മുമ്പ് എടുത്ത എക്സ്റേ ഫലത്തിലുള്ളത്. മണിക്കൂറുകള്‍ നീണ്ട കൊടുംക്രൂരതക്കൊടുവിലാണ് അതിഥി തൊഴിലാളിയുടെ ദാരുണ മരണം. വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മര്‍ദിച്ചത്. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാര്‍ പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപ് ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിലായ രാമനാരായണനെ പൊലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കണ്ടപ്പോൾ കള്ളൻ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. എന്നാൽ, രാംനാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു.


