വിഴുപ്പലക്കൽ തുടരുന്നു; ജോസ് വിഭാഗത്തെ പിന്തുണച്ചുള്ള കെപിസിസി റിപ്പോർട്ടിൽ ജോസഫ് ഗ്രൂപ്പിന് കടുത്ത അതൃപ്തി

By Web TeamFirst Published Aug 26, 2021, 7:39 AM IST
Highlights

കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നതാണ്. ഹൈക്കമാൻഡ് പ്രതിനിധികളോടും കോൺഗ്രസിലെ അനൈക്യം ചൂണ്ടിക്കാണിച്ചിരുന്നു


കോട്ടയം: ജോസ് വിഭാഗത്തെ പിന്തുണച്ചുള്ള കെപിസിസിയുടെ റിപ്പോർട്ടിൽ ജോസഫ് ഗ്രൂപ്പിന് കടുത്ത അതൃപ്തി. ജോസ് പക്ഷം മുന്നണിക്ക് പുറത്ത് പോയത് ദോഷം ചെയ്തെന്നും ജോസഫ് ഗ്രൂപ്പിന് വേണ്ടത്ര വോട്ട് സ്വരൂപിക്കാൻ കഴിഞ്ഞില്ലെന്നുമാണ് കണ്ടെത്തൽ. യുഡിഎഫിനൊപ്പം നിന്ന പാർട്ടിയെ ഒറ്റപ്പെടുത്താനുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ നീക്കമാണ് റിപ്പോർട്ടിന് പിന്നിലെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ വിലയിരുത്തൽ.

മധ്യതിരുവിതാംകൂറിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്‍റെ കൊഴിഞ്ഞുപോക്ക് പരാമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയെന്നാണ് തെരഞ്ഞെടുപ്പ് പരാജയം പഠിച്ച കോൺഗ്രസ് സമിതിയുടെ കണ്ടെത്തൽ. ജോസഫ് ഗ്രൂപ്പിന് പലയിടത്തും സംഘടനാ സംവിധാനം ഇല്ലായിരുന്നുവെന്ന വിമർശനവുമാണ് പാർട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. മാണി ഗ്രൂപ്പിന്‍റെ തട്ടകങ്ങളായ പാലയും കടുത്തുരുത്തിയും നിലനിർത്താൻ കഴിഞ്ഞതും മൂവാറ്റുപ്പുഴ പിടിച്ചെടുത്തതും തങ്ങളുടെ ശക്തി കൊണ്ടാണെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ വാദം. 

പാർട്ടി സ്ഥാനാർഥികളുടെ തോൽവികളെല്ലാം കുറച്ച് വോട്ടുകൾക്കാണെന്നും ഗ്രൂപ്പ് നേതാക്കൾ ഓർമിപ്പിക്കുന്നു. പിന്നെ എങ്ങനെ ജോസഫ് ഗ്രൂപ്പ് വോട്ട് സ്വരൂപിച്ചില്ലെന്ന് വിമർശിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ ചോദ്യം.

കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നതാണ്. ഹൈക്കമാൻഡ് പ്രതിനിധികളോടും കോൺഗ്രസിലെ അനൈക്യം ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ നടപടി എടുക്കാത്ത കോൺഗ്രസ് നേതൃത്വമാണ് ഇപ്പോൾ ഘടകകക്ഷികളെ കുറ്റപ്പെടുത്തുന്നതെന്നും ജോസഫ് ഗ്രൂപ്പിന്‍റെ വിമർശനം.

ഏതായാലും പരാജയം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ട് യുഡിഎഫിൽ പുതിയ തർക്കത്തിനാണ് വഴിവയ്ക്കുന്നത്. ജോസ് ആണോ ജോസഫാണോ വലിയതെന്ന തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ തർക്കമാണ് ഇപ്പോൾ പുതിയ തലത്തിൽ എത്തിയിരിക്കുന്നത്. ആ തർക്കത്തിൽ ഒരുപക്ഷം ചേരുകയാണ് കോൺഗ്രസെന്ന ആക്ഷേപമാണ് ജോസഫ് ഗ്രൂപ്പിനുള്ളത്.

click me!