'ദുരുദ്ദേശപരമല്ല'; യുഡിഎഫ് യോഗത്തില്‍ പാലാ ബിഷപ്പിനെ പ്രതിരോധിച്ച് ജോസഫ് വിഭാഗം, എതിര്‍ത്ത് ലീഗ്

By Web TeamFirst Published Sep 23, 2021, 9:27 PM IST
Highlights

ബിഷപ്പിന്‍റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ ബിഷപ്പിന്‍റെ പ്രസ്താവനയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് മുസ്ലീം ലീഗ് വിമർശിച്ചു. ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിന് ചർച്ചകൾ തുടരാൻ യുഡിഎഫ് യോഗം തീരുമാനിച്ചു.

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് (Congress) മുന്നോട്ട് പോകുമ്പോള്‍ പാലാ ബിഷപ്പിനെ യുഡിഎഫ് (UDF) യോഗത്തിൽ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ബിഷപ്പിന്‍റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ ബിഷപ്പിന്‍റെ പ്രസ്താവനയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് മുസ്ലീം ലീഗ് (Muslim League) വിമർശിച്ചു. ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിന് ചർച്ചകൾ തുടരാൻ യുഡിഎഫ് യോഗം തീരുമാനിക്കുകയും ചെയ്തു.

പാലാ ബിഷിപ്പിന്‍റെ പ്രസ്താവനയിൽ സർവ്വകക്ഷി യോഗവും മതമേലധ്യക്ഷൻമാരുടെ യോഗവും വിളിക്കണമെന്നാവശ്യം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുമ്പോഴാണ് യുഡിഎഫിൽ രണ്ട് പാ‍ർട്ടികൾ ചേരി തിരിഞ്ഞത്. ബിഷപ്പിനെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളിയതിന് പിന്നാലെ നടന്ന യോഗത്തിൽ ജോസഫ് വിഭാഗം ബിഷപ്പിനെ ശക്തമായി പ്രതിരോധിച്ചു.

ക്രൈസ്തവ സഭയ്ക്കുള്ളിൽ വിശ്വാസികളോട് നടത്തിയ പ്രസംഗത്തെ ദുർവ്യഖ്യാനം ചെയ്തുവെന്ന് പറഞ്ഞാണ് പാലാ ബിഷപ്പിനെ ജോസഫ് വിഭാഗം പിന്തുണച്ചത്. അവരുടെ സമൂഹത്തോട് മാത്രം പറഞ്ഞ കാര്യത്തെ  ദുരുദ്ദേശത്തോടെ  കാണേണ്ടതില്ല. ബിഷപ്പിന്‍റെ പ്രസ്താവനയെ ദുർവ്യഖ്യാനം ചെയ്യരുതെന്ന് സഭ തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് അതിനെ വിശ്വാസത്തിലെടുക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.  യുഡിഎഫിനൊപ്പം എപ്പോഴും ഉറച്ച് നിൽക്കുന്ന ക്രൈസ്തവ സഭയെ സംരക്ഷിക്കണം.

പാലായിലേയും കടുത്തുരിത്തിയിലും യുഡിഎഫിന്‍റെ വിജയത്തിന് പിന്നിൽ ക്രൈസ്തവ സഭയാണെന്ന് സൂചിപ്പിച്ചായിരുന്നു ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രകോപനം തുടങ്ങിയതെന്നായിരുന്നു ലീഗിന്റെ നിലപാട്. ഇത് ഒഴിവാക്കാമായിരുന്നു.  എന്നാൽ, ഇനി പരിഹാരമുണ്ടാകുകയെന്നാണ് ആവശ്യമെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി. സമുദായ സൗഹൃദത്തിന് യുഡിഎഫ് മുൻകൈ എടുക്കാമെന്ന കോൺഗ്രസ് നിർദ്ദേശം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!