പിളര്‍പ്പെങ്കില്‍ പിളര്‍പ്പ്; കേരളാ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കി ജോസ് കെ മാണി വിഭാഗം

By Web TeamFirst Published Jun 7, 2019, 11:25 AM IST
Highlights

ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന കടുത്ത നിലപാടിൽ പി ജെ ജോസഫ് തുടരുന്ന സാഹചര്യത്തിൽ ജോസ് കെ മാണി വിഭാഗം പിളർപ്പെങ്കിൽ അങ്ങനെ എന്ന കടുത്ത നിലപാടാണ് എടുത്തിരിക്കുന്നത്. 

കോട്ടയം: ചെയർമാൻ സ്ഥാനത്തെ ചൊല്ലി പോര് കനത്തതോടെ കേരളാ കോൺഗ്രസ്(എം) ലെ സമവായ നീക്കം പൊളിയുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. പാർട്ടിയുടെ പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാണ് കത്തിലെ ആവശ്യം. പാർട്ടിയുടെ എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, കെ എൻ ജയരാജ് എന്നിവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. 

ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന കടുത്ത നിലപാടിൽ പി ജെ ജോസഫ് തുടരുന്ന സാഹചര്യത്തിൽ ജോസ് കെ മാണി വിഭാഗം പിളർപ്പെങ്കിൽ പിളർപ്പ് എന്ന കടുത്ത നിലപാടാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എട്ട് ജില്ലാ പ്രസിഡന്‍റുമാർ പങ്കെടുത്ത യോഗത്തിലും ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാനാകില്ല, അതിനായി പിരിയേണ്ടിവന്നാൽ അങ്ങനെ എന്ന നിലപാട് ജോസ് കെ മാണി വിഭാഗം എടുത്തിരുന്നു. അതിന്‍റെ തുടർച്ചയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്.

പാർട്ടിയിൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും വർക്കിംഗ് ചെയർമാനായ പി ജെ ജോസഫിന് ചെയർമാന്‍റെ അധികാരങ്ങളില്ലെന്നും കത്തിൽ പറയുന്നു. പി ജെ ജോസഫ് ആക്ടിംഗ് ചെയർമാൻ പോലുമല്ല വർക്കിംഗ് ചെയർമാൻ മാത്രമാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ വാദം. വ‍ർക്കിംഗ് ചെയർമാൻ ഇപ്പോൾ ചെയ്യേണ്ടത് ഒഴിഞ്ഞുകിടക്കുന്ന ചെയർമാൻ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കാൻ അവസരമുണ്ടാക്കുക എന്നതാണ്. അതിന് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും അതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം. 

സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായ ജോയ് എബ്രഹാം പിജെ ജോസഫ് വർക്കിംഗ് ചെയർമാനാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. എന്നാൽ പാർട്ടിയുടെ 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമാണ് ജോയ് എബ്രഹാമെന്നും പിജെ ജോസഫ് വർക്കിംഗ് ചെയർമാനാണ് എന്നുകാണിച്ച് കത്തുനൽകാൻ ജോയ് എബ്രഹാമിന് അധികാരമില്ലെന്നും ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ പറയുന്നു. 

നേരത്തേ 127 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സംസ്ഥാന കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് പി ജെ ജോസഫിന് കത്ത് നൽകിയിരുന്നു. എന്നാൽ സമവായം ഉണ്ടാക്കിയതിന് ശേഷമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്ന നിലപാടിൽ പി ജെ ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ജോസ് കെ മാണിയുടെ രാജ്യസഭാ എംപി സ്ഥാനത്തിനും തോമസ് ചാഴിക്കാടന് ലോക്സഭാ എംപി സ്ഥാനത്തിനും വിട്ടുവീഴ്ച ചെയ്ത നിലയ്ക്ക് ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാനാകില്ലെന്ന് പി ജെ ജോസഫും ഉറപ്പിക്കുന്നു. ഇതോടെ പിളർപ്പുകൾ പലതുകണ്ട കേരളാ കോൺഗ്രസിൽ ഒരു പിളർപ്പിന് കൂടി കളമൊരുങ്ങുകയാണ്.

click me!