കേരള കോൺഗ്രസിൽ അധികാര വടംവലി തുടരുന്നു; കരുനീക്കങ്ങള്‍ ശക്തം

By Web TeamFirst Published May 20, 2019, 7:30 AM IST
Highlights

അധികാരത്തർക്കത്തിൽ പിന്തുണ തേടി പിജെ ജോസഫ് മലബാറിലെ നേതാക്കളെ കണ്ടു. കോട്ടയത്ത് ഇന്ന് മാണി അനുസ്മരണം. ശക്തിപ്രകടനമാക്കാൻ ജോസ് കെ മാണി വിഭാഗം.

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)  പാർട്ടി ചെയർമാന്‍ സ്ഥാനത്തിനായുള്ള കരുനീക്കങ്ങള്‍ തുടരുന്നു. അധികാരത്തർക്കത്തിൽ പിന്തുണ വർദ്ധിപ്പിക്കാൻ പി ജെ ജോസഫ് നീക്കം തുടങ്ങി. മലബാറിലെ പാർട്ടിനേതാക്കളുമായി ജോസഫ് നേരിട്ട് ചർച്ച നടത്തി. ഇതിനിടെ ഇന്ന് കോട്ടയത്ത് നടക്കുന്ന കെ എം മാണി അനുസ്മരണം ശക്തിപ്രകടനമാക്കാനാണ് മാണി വിഭാഗത്തിന്റ ശ്രമം.

പാർട്ടി ചെയർമാനെ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കണമെന്ന് ജോസ് കെ മാണി തന്നെ നേരിട്ട് ആവശ്യപ്പെട്ടതോടെയാണ് പി ജെ ജോസഫിന്റ പുതിയ നീക്കം. കോഴിക്കോട് മലപ്പുറം വയനാട് എന്നിവിടങ്ങളിലെ സംസ്ഥാനനേതാക്കളെ നേരിട്ട് കണ്ടാണ് പി ജെ ജോസഫ് പിന്തുണ നേടിയത്. നിലവിൽ നാല് ജില്ലാ പ്രസിഡന്‍റുമാർ ജോസഫിനൊപ്പമുണ്ട്. മൂന്ന് പേരുടെ കൂടി പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ മാണി വിഭാഗത്തിന് മൃഗീയഭൂരിപക്ഷമാണ്. ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണത്തിനുള്ള നീക്കം കൂടി തുടങ്ങിയതോടെ പർട്ടിയിലെ ബാലാബലം നിർണ്ണായകമായി. 

സി എഫ് തോമസിനെ ചെയർമാനാക്കി വർക്കിംഗ് ചെയർമാൻ സ്ഥാനം ജോസ് കെ മാണി എറ്റെടുക്കണമെന്ന പി ജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാൻ മാണി വിഭാഗം തയ്യാറല്ല. സി എഫ് തോമസ്, ജോയി എബ്രഹാം ഉൾപ്പടെ പല മുതിർന്ന മാണി വിഭാഗം നേതാക്കളും പി ജെ ജോസഫിന്‍റെ നിർദ്ദേശം അംഗീകരിക്കുന്നത് ജോസ് കെ മാണിക്ക് തലവേദനയാണ്. അതിനാൽ കക്ഷി നേതാവിനെ ഉടൻ നിശ്ചയിച്ച് ചെയർമാനെ സംസ്ഥാന കമ്മിറ്റി കൂടി തീരുമാനിക്കാനുള്ള നീക്കമാണ് മാണി വിഭാഗം നടത്തുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാന കമ്മിറ്റി വിളിക്കാനാണ് മാണി വിഭാഗത്തിന്‍റെ ശ്രമം. അതിന് മുൻപ് ചെയർമാനെ പ്രഖ്യാപിക്കാൻ കഴിയുമോ എന്നാണ് ജോസഫ് വിഭാഗം ആലോചിക്കുന്നതെന്നാണ് സൂചന.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!