കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു: ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

By Web TeamFirst Published Jun 16, 2019, 3:32 PM IST
Highlights

സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലും പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ഇതോടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ നീണ്ട നിയമപോരാട്ടം തന്നെയാവും ഇനി നടക്കുക.  

കോട്ടയം: കെഎം മാണിയുടെ മരണാനന്തരം പാര്‍ട്ടി പിടിക്കാന്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ നടന്ന പോര് പുതിയ വഴിത്തിരിവില്‍. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാനായ ജോസഫിന്‍റെ അംഗീകരമില്ലാതെ വിളിച്ചു ചേര്‍ത്തതാണ് സംസ്ഥാന സമിതിയോഗം എന്നതിനാല്‍ കേരള കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ ചെന്നു നില്‍ക്കുന്നത്. 

സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലും പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ജോസഫിനൊപ്പം മോന്‍സ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎല്‍എമാരുണ്ട്.  മറുവശത്ത് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുന്നു. ജോസ് കെ മാണി രാജ്യസഭാ എംപിയാണ്. നിയുക്ത കോട്ടയം എംപി തോമസ് ചാഴിക്കാടനും ജോസ് കെമാണിയുടെ കൂടെയാണ്.അതേസമയം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്.

കോട്ടയത്ത് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്‍റുമാര്‍ പങ്കെടുത്തു. നാല് ജില്ലാ അധ്യക്ഷന്‍മാര്‍ വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡൻരമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്. 
 

click me!