
കോട്ടയം: റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞതാണ് പാർട്ടിയുടെ നാശത്തിന് കാരണം എന്നാണ് വിമർശനം. പിണറായി വിജയൻ്റെയും സിപിഎം നേതാക്കളുടെയും ധാഷ്ട്യവും തിരിച്ചടിയായി എന്നാണ് കേരള കോൺഗ്രസ് എം വിലയിരുത്തൽ.
പാർട്ടി സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിൽ ഭൂരിഭാഗം നേതാക്കളും യുഡിഎഫ് പ്രവേശനം തള്ളിയതിനെ രൂക്ഷമായി വിമർശിച്ചു. യുഡിഎഫ് പ്രവേശനത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിലപാടിന് വിപരീതമായി റോഷി അഗസ്റ്റിൻ എടുത്ത സമീപനം തിരിച്ചടിയായി. പാർട്ടിക്കുള്ളിൽ ചർച്ച നടന്നപ്പോൾ തന്നെ പ്രമോദ് നാരായണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പ്രതികരണം അണികൾക്കിടയിൽ പോലും തെറ്റിദ്ധാരണ ഉണ്ടാക്കി. പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികൾ ആണ് മുന്നണി മാറ്റ ചർച്ചകൾക്ക് തടസം നിന്നവർ എന്ന നിലയിൽ റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനേയും കടന്നാക്രമിച്ചത്.
മലബാർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ ആണ് സിപിഎമ്മിനെയും പിണറായി വിജയനെയും വിമർശിച്ചത്. എൽഡിഎഫിന്റെ പോരായ്മയും സിപിഎം നേതാക്കളുടെ ഇടപെടലിന്റെ രീതിയും ആണ് തോൽവിക്ക് കാരണം എന്നാണ് മലബാറിലെ കേരള കോൺഗ്രസുകാരുടെ വികാരം. ആഞ്ച് വർഷക്കാലം മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഒന്ന് നുള്ളി വേദനിപ്പിക്കാതെ കേരള കോൺഗ്രസ് എമ്മാണ് ഒടുവിൽ തെരഞ്ഞെടുപ്പ് പരാജയത്തിൽ തിരിഞ്ഞത് എന്നത് ശ്രദ്ധേയം. പാർട്ടി നേതൃത്വ ക്രോസ് വോട്ട് ആരോപണം അടുത്ത എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കും. നിയോജകമണ്ഡലം തലത്തിൽ പാർട്ടിയുടെ പരാജയത്തിൽ വിശദമായ പരിശോധന നടത്താനാണ് കേരള കോൺഗ്രസ് എം തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam