
തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കോൺഗ്രസും അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരും. ഐഷ പോറ്റിയെ പോലെ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നുണ്ട്. അതിജീവിതക്കെതിരായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇന്നലെ മുതൽ സമരത്തിലായിരുന്നു. ശ്രീനാദേവിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കും. രാഹുൽ കോൺഗ്രസിന് പുറത്താണെന്നും കെപിസിസി അധ്യക്ഷൻ ആവര്‍ത്തിച്ചു.
മുഖ്യമന്ത്രി പറഞ്ഞ 110 സീറ്റ് കേരളത്തിൽ യുഡിഎഫ് നടപ്പാക്കും. കേരള കോൺഗ്രസിന്‍റെ സ്റ്റിയറിങ് കമ്മിറ്റി 16ന് ചേരുകയാണെന്ന് വാര്‍ത്ത കണ്ടിരുന്നു. കേരള കോണ്‍ഗ്രസുമായി അനൗദ്യോഗിക ചർച്ചകളും ഉണ്ടായിട്ടില്ല. ഘടക കക്ഷി നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. യുഡിഎഫ് വിജയത്തിന് കേരള കോൺഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന് യുഡിഎഫ് യോഗം ചേർന്ന് ആലോചിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി.
അതേസമയം, യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്നത് അഭ്യൂഹങ്ങളാണെന്നും അമിത ആത്മവിശ്വാസമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരുന്നതിൽ ഇതുവരെ താൽപര്യം അറിയിച്ചിട്ടില്ല. ഒരാളുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ല. യുഡിഎഫിന്‍റെ പാരമ്പര്യമുള്ള പാർട്ടി ആണ് കേരള കോൺഗ്രസ് എം. അവർക്ക് തിരിച്ചുവരണമെന്ന് താല്പര്യമറിയിച്ചാൽ ചർച്ച നടത്തും. ഓരോ ദിവസം കഴിയുംതോറും യുഡിഎഫിലേക്ക് കേരളം വന്നുകൊണ്ടിരിക്കുകയാണ്. വലിയ ഭൂരിപക്ഷത്തെ ജയിക്കാനുള്ള സാഹചര്യമുണ്ട്. എന്നാൽ, അമിത ആത്മവിശ്വാസമില്ല. വലിയ പോരാട്ടമാണ് എന്ന് വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്.
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെടുക്കുന്നതിൽ നിര്‍ണായക ചര്‍ച്ചകള്‍ നടന്നുവെന്നാണ് വിവരം. ലീഗ് നേതൃത്വം ഇടപെട്ടുകൊണ്ട് ചര്‍ച്ച നടത്തിയെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് എമ്മിൽ ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് വരുന്നതിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കണമെന്ന നിലപാടിൽ മന്ത്രി റോഷി അഗസ്റ്റിൻ മുന്നോട്ടുപോകുമ്പോള്‍ മുന്നണി മാറണമെന്ന നിലപാടിലാണ് ജോസ് കെ മാണി. എന്നാൽ, പരസ്യമായി ഇക്കാര്യം നേതാക്കള്‍ തുറന്നു വ്യക്തമാക്കിയിട്ടില്ല. കേരള കോണ്‍ഗ്രസുമായി നടത്തുന്ന അനൗദ്യോഗിക ചര്‍ച്ചകളിൽ പുരോഗതിയുണ്ടെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്. മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam