
തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വർക്കിംഗ് പ്രസിഡന്റുമാർക്കുമാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം നിയന്ത്രിക്കണം എന്നാണ് പരാതിയിലെ ആവശ്യം. തന്റെ സ്വഭാവത്തെ സംശയ നിഴലിലാക്കി, നുണ പറയുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധി പീഡകനൊപ്പം നിൽക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സ്ത്രീകളുടെ ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമെന്ന തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത്. കോൺഗ്രസ് പിന്തുടരുന്ന ഉന്നത ജനാധിപത്യ മൂല്യങ്ങൾക്കെതിരായ നടപടിയാണിത്. പരാതിക്കൊപ്പം പൊലീസിന് നൽകിയ വിശദമായ പരാതിയുടെ പകർപ്പും പരാതിക്കാരി കോൺഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകയും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ശ്രീനാദേവി കുഞ്ഞമ്മ.
രാഹുൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അതിജീവിത നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് അതിജീവിതയുടെ പരാതിയിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം.
പിന്നാലെ, അതിജീവിതക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്നാണ് ശ്രീനാദേവിയുടെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പൊതുസമൂഹത്തില്‍ തന്നെ കരിവാരിത്തേക്കുന്ന തരത്തിലാണ് അതിജീവിത പരാതി നല്‍കിയത്. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇവർ പറഞ്ഞു. അതിജീവിതയെ താൻ അധിക്ഷേപിച്ചിട്ടില്ല. താനെന്നും സത്യത്തിനൊപ്പമാണ് നിലനില്‍ക്കുന്നത്. അതിജീവിത എന്ന നിലയില്‍ നിയമം തരുന്ന സംരക്ഷണത്തെ വ്യാജ പരാതികളിലൂടെ തനിക്കെതിരെ ഉപയോഗിക്കാൻ ശ്രമിച്ചെന്നും ശ്രീനാദേവി കുഞ്ഞമ്മ പരാതിയില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam