
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് മുന്നോട്ടുവെച്ച വന്യജീവിഷയം, തെരുവ് നായ വിഷയം എന്നിവ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യും. യുഡിഎഫിൽ ഉണ്ടായിരുന്നതിനേക്കാൾ പരിഗണനയാണ് എൽഡിഎഫിൽ കേരള കോൺഗ്രസിന് കിട്ടുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. മുന്നണിക്ക് ദോഷം വരുന്ന ഒന്നും കേരള കോൺഗ്രസ് ചെയ്തിട്ടില്ല. താഴെത്തട്ടിൽ നിന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടുതൽ ആളുകൾ കേരള കോൺഗ്രസിലേക്ക് കടന്നുവരുന്നുണ്ട്. കഴിഞ്ഞതവണ കിട്ടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫിൽ നിന്ന് കിട്ടിയിട്ടുണ്ട്. 90% സീറ്റ് വിഭജനവും പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലത്ത് ഉടൻ തർക്കങ്ങൾ ഇല്ലാതെ സിറ്റ് വിഭജനം പൂർത്തിയാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.