
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം രോഗം നേരിടുന്ന രീതിയില്‍ വന്ന പിഴവാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നു. കേരളത്തിലെ കൊവിഡ് സാഹചര്യം പരിശോധിക്കാനെത്തുന്ന കേന്ദ്രസംഘം ഇക്കാര്യം കൂടി പരിഗണിക്കും. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന സംഘം രോഗവ്യാപനം കൂടിയ സാഹചര്യം സംസ്ഥാന സര്‍ക്കാരുമായും വിദഗ്ധരുമായും ചര്‍ച്ച നടത്തും. കേന്ദ്ര സംഘം എത്രദിവസം കേരളത്തിലുണ്ടാകുമെന്നതിനെ ആശ്രയിച്ചാകും രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകള്‍ സന്ദര്‍ശിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.
ഒരു ഘട്ടത്തില്‍ കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താനായ കേരളത്തില്‍ ഇപ്പോൾ രോഗികളുടെ എണ്ണം കുതിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35038 കൊവിഡ് രോഗികള്‍. പ്രതിദിനം അയ്യായിരത്തിലേറെയായിരുന്ന പുതിയ രോഗികളുടെ എണ്ണം ഇന്നലെ ആറായിരം കടന്നിരുന്നു. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് രോഗ ബാധിതരിലേറെയും. രോഗ ബാധിതരുടെ എണ്ണം കുറവായിരുന്ന വയനാട്ടില്‍ ഇപ്പോൾ 100 പേരെ പരിശോധിക്കുമ്പോൾ 12 പേര്‍ പോസിറ്റീവാകുന്നുവെനവന്നതും ആശങ്ക തന്നെ. പത്തനംതിട്ടയിലെ അവസ്ഥയും മറിച്ചല്ല.
സംസ്ഥാനത്തെ കൊവിഡ് മരണ നിരക്കും പതിയെ കൂടുകയാണ്. രാജ്യം വാക്സിൻ വിതരണത്തിന് അനുമതി നൽകിയ സാഹചര്യത്തില്‍ കേരളത്തെ ആദ്യഘട്ടത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് രോഗ വ്യാപന സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്ര സംഘം കേരള സാഹചര്യം വിലയിരുത്താൻ എത്തുന്നത്.
കൊവിഡ് മാനേജ്മെന്‍റില്‍ വീഴ്ചകളുണ്ടായോ, രോഗ വ്യാപനത്തിന് കാരണമെന്ത് എന്നതടക്കം വിശദാംശങ്ങൾ സംഘം വിലയിരുത്തും. കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണം സര്‍ക്കാര്‍ വീഴ്ചയാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. രോഗ വ്യാപനത്തെകുറിച്ച് പഠിക്കാനും നിയന്ത്രിക്കാനും കേന്ദ്ര സംഘത്തെ വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്‍റെ അവസ്ഥ കേന്ദ്രത്തെ നേരില്‍ ബോധ്യപ്പെടുത്താൻ കിട്ടുന്ന അവസരമായാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്. വാക്സിൻ വിതരണത്തിലടക്കം ഇത് സഹായകരമാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam