സംസ്ഥാനത്ത് ഇന്ന് 16,000 ന് മുകളില്‍ കൊവിഡ് രോഗികൾ; 114 മരണങ്ങൾ കൂടി, ടിപിആർ 10ന് മുകളിൽ തന്നെ

By Web TeamFirst Published Jul 17, 2021, 6:11 PM IST
Highlights

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 742 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂര്‍ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂര്‍ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817, കാസര്‍ഗോഡ് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 14, തൃശൂര്‍ 10, വയനാട് 8, പാലക്കാട് 6, കോട്ടയം, എറണാകുളം, കോഴിക്കോട് 3 വീതം, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1112, കൊല്ലം 895, പത്തനംതിട്ട 509, ആലപ്പുഴ 639, കോട്ടയം 525, ഇടുക്കി 189, എറണാകുളം 1112, തൃശൂര്‍ 1432, പാലക്കാട് 968, മലപ്പുറം 2502, കോഴിക്കോട് 1406, വയനാട് 420, കണ്ണൂര്‍ 871, കാസര്‍ഗോഡ് 617 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,24,779 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,06,439 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,99,634 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,812 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2079 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്:

കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം സംസ്ഥാനത്ത് പല തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കുന്നത്. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരംഗം തുടങ്ങി. കേരളത്തിൽ മെയ് മാസത്തിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ഇവിടെ ടിപിആർ 29 ശതമാനം വരെ ഉയർന്നിരുന്നു. രോഗികളുടെ എണ്ണം 40000 ത്തിന് മുകളിലായിരുന്നു. പിന്നീട് ടിപിആർ കുറഞ്ഞു. അത് പത്തിന് മേലെയായി മാറ്റമില്ലാതെ നിൽക്കുകയാണ്. രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആർ താഴാതെ നിൽക്കുകയാണ്.

രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണ്. ലക്ഷണമുള്ളവരെയും സമ്പർക്കമുള്ളവരെയും പ്രധാനമായും ടെസ്റ്റ് ചെയ്യുന്ന ടാർജറ്റഡ് ടെസ്റ്റിങാണ് സംസ്ഥാനം പിന്തുടരുന്നത്. അതിവേഗ വ്യാപനത്തിന്‍റെ സാധ്യതയാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ ടെസ്റ്റ് ചെയ്യുമ്പോൾ സ്വാഭാവികമായും പോസിറ്റീവായവരെ കൂടുതൽ കണ്ടെത്തും. അതുകൊണ്ടാണ് ടിപിആർ വർധിക്കുന്നത്. എങ്കിലും രോഗവ്യാപനം ഉച്ഛസ്ഥായിയിലെത്തിയപ്പോൾ പോലും ചികിത്സ ഒരുക്കാനും മരണം പരമാവധി തടയാനും നമുക്ക് സാധിച്ചു.

കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന മുറയ്ക്ക് ഒട്ടും പാഴാക്കാതെ വാക്സീൻ കേരളത്തിൽ വിതരണം ചെയ്യുന്നുണ്ട്. അർഹമായ മുറയ്ക്ക് വാക്സീൻ സ്വീകരിക്കാനും സൂക്ഷ്മ നിലയ്ക്ക് കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കാനും എല്ലാവരും ശ്രമിക്കണം. എന്നാൽ രണ്ടാം തരംഗം പൂർണമായും നിയന്ത്രിക്കാം. മൂന്നാം തരംഗം ഒഴിവാക്കാം. ഇന്നത്തെ നിലയിൽ പോയാൽ 23 മാസങ്ങളിൽ 60-70 ശതമാനം പേർക്ക് വാക്സീൻ നൽകി സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കാമെന്നാണ് കരുതുന്നത്. ലോക്ക്ഡൗൺ വലിയ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ ഗതി വിലയിരുത്തി ഇളവുകൾ സംസ്ഥാനം പ്രഖ്യാപിക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന സാഹചര്യം മറികടക്കാൻ നിയന്ത്രണം കൂടിയേ തീരൂ. രോഗവ്യാപനം നിയന്ത്രണമുള്ളത് കൊണ്ടാണ് ഇങ്ങനെ പിടിച്ചുനിർത്താൻ കഴിയുന്നത്.

നിയന്ത്രണങ്ങളില്‍ മാറ്റം

നിയന്ത്രണത്തിൽ ചില മാറ്റം വരുത്താൻ തീരുമാനിച്ചു. നിലവിൽ എ വിഭാഗത്തിൽ 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ബിയിൽ 392 തദ്ദേശ സ്ഥാപനങ്ങളും സി വിഭാഗത്തിൽ 362 സ്ഥാപനങ്ങളുമുണ്ട്. 15 ന് മുകളിൽ ടിപിആറുള്ളത് 194 തദ്ദേശ സ്ഥാപനങ്ങളിലാണ്. ഡി വിഭാഗത്തിലെ പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിന് അനുമതി കൊടുത്തിരുന്നില്ല. ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാൻ അനുമതി കൊടുക്കും. ബക്രീദുമായി ബന്ധപ്പെട്ട മൂന്ന് ദിവസത്തെ ഇളവ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഇലക്ട്രോണിക്, വീട്ടുപകരണ കടകൾ എ,ബി,സി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ 40 പേർ വരെ പ്രവേശിക്കാം. ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്സീനെടുത്ത സ്റ്റാഫിനെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ഹെയർ സ്റ്റൈലിങിനാണ് അനുമതി. സീരിയൽ ഷൂട്ടിങ് പോലെ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങും അനുവദിക്കും. ഒരു ഡോസ് വാക്സീനെടുത്തവർക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂ, എഞ്ചിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചർച്ച ചെയ്യും.

സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പ്രൊഡക്ഷന്‍ പദ്ധതി

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനം, പൊതു ഇടങ്ങളിലെ അവഹേളനം തുടങ്ങിയവ ലോക്ക്ഡൗൺ കാലത്ത് വർധിച്ചു. ഇത്തരം പ്രശ്നങ്ങൾ നേരിടാൻ പിങ്ക് പ്രൊട്ടക്ഷൻ കേരള പൊലീസ് തുടങ്ങും. സ്ത്രീകൾക്ക് സുരക്ഷയൊരുക്കാനാണിത്. ഇത് തിങ്കളാഴ്ച നിലവിൽ വരും. പത്ത് ഘടകങ്ങളാണ് ഇതിലുണ്ടാവുക. ഗാർഹിക പീഡനം പരാതി ലഭിക്കുമ്പോഴാണ് പൊലീസ് അറിയുന്നത്. പീഡനം മുൻകൂട്ടി കണ്ട് തടയാൻ ആവശ്യമായ വിവരം ലഭ്യമാക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം ഉണ്ടാകും. വീടുകൾ തോറും സഞ്ചരിച്ച് ഗാർഹിക പീഡനം സംബന്ധിച്ച പരാതികൾ പരിശോധിക്കും. പഞ്ചായത്തംഗം, അയൽവാസികൾ, നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് മേൽനടപടികൾക്കായി എസ്എച്ച്ഒമാർക്ക് കൈമാറും. പിങ്ക് ബീറ്റ് സംവിധാനം കെഎസ്ആർടിസി, സ്വകാര്യ ബസുകളിലും ബസ് സ്റ്റോപ്പുകളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. ഇവർക്കായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം ഉണ്ടാകും.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രത്യേകനിധി

ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം പ്രധാനമാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഡിജിറ്റൽ വിദ്യാഭ്യാസം ഫലപ്രദമായി നടത്താനായി. വിക്ടേർസ് ചാനൽ വഴി എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കാനായി. ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം ടെലിവിഷൻ ക്ലാസിന്റെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകർ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസുകൾ തയ്യാറാക്കും. വിവേചനരഹിതമായി എല്ലാവർക്കും സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ക്ലാസിൽ പങ്കാളികളാകാൻ അവസരം ഒരുക്കും. കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണം ഉറപ്പാക്കാൻ ജനകീയ ക്യാംപെയ്ൻ തുടങ്ങും. വിദ്യാലയ അടിസ്ഥാനത്തിൽ എത്ര കുട്ടികൾക്ക് പഠന സൗകര്യം ലഭ്യമാണ്, എത്ര പേർക്ക് ഡിജിറ്റൽ ഉപകരണം ആവശ്യമുണ്ട് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി തിട്ടപ്പെടുത്തും. അതിന് പിടിഎ സമിതികൾ നേതൃത്വം നൽകണം. ഇവരാണ് ഇതിന്റെ ചുമതല വഹിക്കേണ്ടത്.

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകും. ഈ മേഖലയിൽ എല്ലാ കുട്ടികൾക്കും സർക്കാർ ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും. ഇതിന് ആവശ്യമായ ഉപകരണങ്ങൾ ഇപ്പോൾ തന്നെ നൽകും. കണക്ടിവിറ്റിയാണ് ഇവിടുത്തെ പ്രശ്നം. സർവീസ് ദാതാക്കളുമായി സർക്കാർ യോഗം നടത്തി. പിന്തുണ അവർ വാക്കുനൽകി. അപൂർവം ചിലയിടത്ത് പ്രശ്നമുണ്ടാകും.
ഡിജിറ്റൽ ഉപകരണം ഇല്ലാത്ത, അത് വാങ്ങാൻ ശേഷിയില്ലാത്ത അനേകം കുട്ടികളും കണക്ടിവിറ്റി പ്രശ്നമുള്ള ഒരുപാട് പ്രദേശങ്ങളും സംസ്ഥാനത്തുണ്ട്. കണക്ടിവിറ്റി ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. സേവനദാതാക്കൾ പിന്തുണ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. എല്ലാ പ്രദേശത്തും ആവശ്യമായ കണക്ടിവിറ്റി ഉറപ്പുവരുത്തും. അത് വലിയ തടസമാവില്ല. മലയോര മേഖലയിലെ ചില അപൂർവ സ്ഥലത്ത് ഒഴികെ മറ്റിടങ്ങളിൽ അത് പ്രശ്നമാകില്ലെന്ന് കരുതുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണം വേണം. ലാപ്ടോപ്പോ ടാബ്ലറ്റോ ആകുന്നതാണ് നല്ലത്. അത് കുട്ടിയുടെ കൈയ്യിൽ തന്നെ കിടക്കും. ഫോണാണെങ്കിൽ വീട്ടിലുള്ളവരുടെ ആവശ്യത്തിന് അത് ഉപയോഗിച്ചെന്ന് വരാം. ലാപ്ടോപ്പോ ടാബ്ലറ്റോ ഉറപ്പുവരുത്താനാണ് ശ്രമം.

വാങ്ങാൻ ശേഷിയുള്ളവരെ സഹായിക്കാൻ പലിശ രഹിത വായ്പ സഹകരണ ബാങ്കുകളിൽ നിന്ന് കിട്ടും. കെഎസ്എഫ്ഇയിൽ നിന്നും സഹായം ലഭിക്കും. മറ്റ് ബാങ്കുകളും ഇതിന് തയ്യാറാകണം. ഇതിന് പുറമെയുള്ള ആളുകളുടെ കാര്യം പ്രത്യേകം ആലോചിക്കേണ്ടതുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!