നെടുമ്പാശേരി വിമാനത്താവളത്തിൽ കോടികൾ വിലമതിക്കുന്ന രാസലഹരിയുമായി ടോംഗോ സ്വദേശിനിയായ യുവതി പിടിയിലായി. ദോഹയിൽ നിന്നെത്തി ഡൽഹിയിലേക്ക് പോകാനിരുന്ന യുവതിയിൽ നിന്ന് 4 കിലോ മെത്താക്യുലോൺ ആണ് പിടികൂടിയത്. 

കൊച്ചി: മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. ടോംഗോ സ്വദേശി ലത്തിഫാറ്റു ഔറോയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിലായത്. 4 കിലോ മെത്താക്യുലോൺ ആണ് പിടികൂടിയത്. ദോഹയിൽ നിന്നാണ് പ്രതി കൊച്ചിയിൽ എത്തിയത്.

കൊച്ചിയിൽ എത്തി ഇവിടെ നിന്ന് ദില്ലിയിലേക്ക് പോകാൻ ടെർമിനലിൽ ഇരിക്കുമ്പോഴാണ് പിടിയിലായത്. സിയാൽ അധികൃതർ പരിശോധിച്ചപ്പോൾ സംശയം തോന്നി കസ്റ്റംസിന് ബാഗ് കൈമാറി. വിപണിയിൽ രണ്ട് കോടിയിലേറെ വില വരുന്ന രാസലഹരിയാണ് പിടികൂടിയത്. വിദേശ വനിതയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെയും ഇവർ ദില്ലിയിലേക്ക് രാസലഹരി കടത്തിയിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി കസ്റ്റംസ് പറയുന്നു. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.