കൊവിഡ് വ്യാപനം: കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും

By Web TeamFirst Published Jul 20, 2020, 9:48 PM IST
Highlights

കോഴിക്കോട് ജില്ലയില്‍ ഇന്ന് 92 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 30 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും പോസിറ്റീവായി

കോഴിക്കോട്: കൊവിഡ് രോഗവ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെമ്പാടും കൂടിച്ചേരലുകളും യോഗങ്ങളും നിരോധിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ നിന്ന് പാർസൽ മാത്രമേ നൽകൂ. ഷോപ്പിങ് മാളുകളും നിയന്ത്രണ മേഖലയായിരിക്കും. 

വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും ആരാധനാലയങ്ങളിലും 20 പേരിൽ കൂടുതൽ പാടില്ലെന്നാണ് ചട്ടം. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും. നിയന്ത്രണം ലംഘിക്കുന്നവരെ ക്വാറന്റൈൻ ചെയ്യുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ നാല് പ്രദേശങ്ങളെ കൂടി ഇന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വില്യാപ്പിള്ളി, പെരുമണ്ണ നഗരസഭകൾ,  പെരുവയൽ പഞ്ചായത്ത് കൊയിലാണ്ടി മുൻസിപാലിറ്റി എന്നിവയാണ് പുതിയ സോണുകൾ.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 92 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 30 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കോഴിക്കോട് സ്വദേശികളായ 435 പേരാണ് ചികിത്സയിലുള്ളത്. 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍ഐടിഎഫ്എല്‍ടിയിലും നാല് പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും,  ഒരാള്‍  എറണാകുളത്തും ചികിത്സയിലാണ്. തിരുവനന്തപുരം, മലപ്പുറം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ സ്വദേശികളായ ഓരോ പേർ വീതവും രണ്ട് വയനാട് സ്വദേശികളും എഫ്എല്‍ടിസിയിൽ ചികിത്സയിലുണ്ട്. ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

click me!