'ജീവനക്കാരുടെ അശ്രദ്ധയിൽ മെഡി. കോളേജിൽ കൊവിഡ് രോഗികൾ മരിച്ചു', നഴ്സിംഗ് ഓഫീസറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

By Web TeamFirst Published Oct 19, 2020, 8:41 AM IST
Highlights

കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം.

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിൻറെ ഭാഗമാണ് പുറത്ത് വന്നത്.

കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. നഴ്സുമാരുടെ അശ്രദ്ധകൊണ്ട് പലർക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്. 

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്സുമാരെ സഹായിക്കാൻ ഇതു വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.

കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണത്തെക്കുറിച്ചും ജലജ ദേവി പ്രത്യേകം സൂചിപ്പിക്കുന്നു. 'വാർഡിലേക്ക് മാറ്റാവുന്ന രീതിയിൽ സുഖപ്പെട്ട രോഗി അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടർമാർ ഇടപെട്ട്  വിവരങ്ങൾ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാൽ മാത്രമാണ് ജീവനക്കാർ രക്ഷപ്പെട്ടതെന്നും ജലജ ദേവി പറയുന്നു. 

ഹാരിസിന്റെ മരണത്തിൽ ബന്ധുക്കൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോൾ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹാരിസിന്റെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കൊവിഡ് ചികിത്സ രംഗത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഇത്തരത്തിലൊരു സന്ദേശം വന്നത് ഏറെ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദേശത്തിൻറെ നിജസ്ഥിതിയെക്കുറിച്ചും അതിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. 

 

click me!