പരസ്യവിമർശനത്തിൽ നേതാക്കൾക്കെതിരെ സിപിഐ എക്സിക്യൂട്ടീവ്; അയഞ്ഞ് ദിവാകരൻ, പ്രതികരിച്ച് കെ ഇ ഇസ്മയിലും

By Web TeamFirst Published Sep 30, 2022, 5:22 PM IST
Highlights

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്.

തിരുവനന്തപുരം : മുമ്പില്ലാത്ത രീതിയിൽ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ വിമർശനമുന്നയിച്ച് സിപിഐ എക്സിക്യൂട്ടീവ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്.

സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങൾ ശരിയായില്ലെന്നാണ് എക്സിക്യൂട്ടീവിലെ വിലയിരുത്തൽ. മുതിർന്ന നേതാക്കളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം. ഇത് പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളിൽ പാകതക്കുറവുണ്ടായെന്നും എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. പാർട്ടിയിലെ ഐക്യം എല്ലാവരും ചേർന്ന് നിലനിർത്തണമന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു

സമവായത്തിലെത്തിയെന്ന പ്രതീതി സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ വിമർശനമുന്നയിച്ച നേതാക്കളിൽ നിന്നുണ്ടായത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പ്രായ പരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാർട്ടിയിലുണ്ടാകുമെന്നും കെ ഇ ഇസ്മയിൽ മാധ്യമങ്ങളോട് വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന ചോദ്യത്തിന് കണിയാനോട് ചോദിക്കണമെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. അതേ സമയം, പ്രായപരിധി കേന്ദ്ര തീരുമാനമാണെന്ന് നേരത്തെ വിമത സ്വരമുയർത്തിയ സി ദിവാകരനും പ്രതികരിച്ചു. പ്രതിനിധി സമ്മേളത്തിൽ സി ദിവാകരൻ തന്നെ പതാക ഉയർത്താനും ധാരണയായി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് സൂചന. 

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും; ചരിത്രത്തിൽ ആദ്യമായി സെക്രട്ടറി സ്ഥാനത്തിന് മത്സരമോ?

പാർട്ടി അംഗങ്ങൾക്കുള്ള പ്രായ പരിധി മാർഗനിർദ്ദേശം മാത്രമാണെന്നാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്തെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ നേരത്തെ മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രായപരിധി മാനദണ്ഡമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾ ചർച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ സിപിഐയിൽ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കാൻ ദേശീയ ജനറൽ സെക്രട്ടറി തയ്യാറായിരുന്നില്ല. അതേ കുറിച്ച് സംസ്ഥാന നേതാക്കളുമായി സംസാരിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂവെന്നായിരുന്നു ജി രാജയുടെ പ്രതികരണം.  

'ആ പ്രവർത്തി വെച്ച് പൊറുപ്പിക്കില്ല; അവർക്ക് പാർട്ടിയിൽ സ്ഥാനവുമുണ്ടാകില്ല'; താക്കീതുമായി കാനം

click me!