
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ സീൽ ചെയ്തത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീൽ ചെയ്തു.
കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സീൽ ചെയ്യൽ നടപടിക്ക് എൻഐഎ സംഘമെത്തിയത്. റവന്യൂ അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻഐഎ സംഘം കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശ രേഖകളുൾപ്പെടെ എൻഎഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് ചക്കുംകടവിലുളള ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ - പൊലീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ച് സീൽ ചെയ്തു. ഓഫീസുകൾ കണ്ടുകെട്ടൽ നടപടിക്ക് കോഴിക്കോടാണ് തുടക്കമിട്ടത്.
പിഎഫ്ഐയുടെ കോഴിക്കോട്ടെ ശക്തി കേന്ദ്രങ്ങളായ വടകര, നാദാപുരം, തണ്ണീര്‍പന്തല്‍, കുറ്റിയാടി എന്നിവിടങ്ങളിലെ ഓഫീസികളിലും അവരുടെ മറ്റ് ഓഫീസുകളിലും പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചു തിരുവനന്തപുരം മണക്കാട്, കൊല്ലം അഞ്ചല്‍, ഇടുക്കി തൂക്കുപാലം, കണ്ണൂര്‍ താണ എന്നിവിടങ്ങളിലെ ഓഫീസുകളും പൂട്ടിച്ചു. കാസർകോട്, പന്തളം എന്നിവിടങ്ങളിലെ നടപടികൾക്കും എൻഐഎ സംഘം നേതൃത്വം നൽകി.ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് തുടങ്ങി. ഇതിനായി ഹർത്താൽ ദിനത്തിലെ വീഡിയോ ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചു. ദൃശ്യങ്ങളിൽ തിരിച്ചറിയുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
കാസര്‍കോട് പെരുമ്പളക്കടവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസും അടച്ചുപൂട്ടി. എന്‍ഐഎയുടെ നേതൃത്വത്തില്‍ കാസര്‍കോട് പൊലീസാണ് ഓഫീസ് അടച്ച് പൂട്ടി നോട്ടീസ് പതിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടവും സ്ഥലവും ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരിലുള്ളതാണ്. 22 വര്‍ഷമായി ട്രസ്റ്റ് കൈവശം വയ്ക്കുന്നതാണിത്. പ്രൊഫ.ജോസഫ് കൈവെട്ട് കേസിന്‍റെ ഘട്ടത്തില്‍ 2010 ല്‍ ഈ ഓഫീസില്‍ കേരള പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ മാസം രാജ്യവ്യാപക റെയ്ഡ് സമയത്ത് എന്‍ഐഎ സംഘം ഈ ഓഫീസില്‍ റെയ്ഡ് നടത്തി പതാകയും പുസ്തകവും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. പോപ്പുല്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പടന്നയിലെ തീരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കെട്ടിടവും അടച്ച് പൂട്ടും.
പോപ്പുലർ ഫ്രണ്ട് തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസും പോലീസ് സീൽ ചെയ്തു. ചാവക്കാട് മണത്തല വില്ലേജിലുള്ള യൂണിറ്റി സെന്‍ററാണ് സീൽ ചെയ്തത്. ഇരുനിലക്കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തനം. സംഘടനയുടെ നിരോധനത്തിന് പിന്നാലെ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിയും ബോർഡുകളും മാറ്റിയിരുന്നു. ഗുരുവായൂർ സി പി കെ ജി സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓഫീസ് സീൽ ചെയ്തത്. ചാവക്കാട് തഹസിൽദാർ രാജേഷും സ്ഥലത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam