ഇഡ്ഡലിയും ദോശയും മടുത്തു സാറെ, ചിക്കനും മട്ടനും തരാൻ പറയ് ; അധോലോക നായകന്‍റെ അപേക്ഷ

By Web TeamFirst Published Mar 2, 2020, 6:48 PM IST
Highlights

നല്ല നിലയിൽ ജീവിച്ച് വന്ന ആളാണ് . ഇങ്ങനെ ആയ സ്ഥിതിക്ക് നല്ല ആഹാരം തരാൻ പറയണം, അതിനുവേണ്ട കാശ് എത്രയാണെന്ന് വച്ചാൽ മുടക്കാൻ തയ്യാറാണെന്നും ഒക്കയാണത്രെ രവി പൂജാരി പറയുന്നത് 

കൊച്ചി: ചോദ്യം ചെയ്യലിനിടെ അധോലോക കുറ്റവാളി രവി പൂജാരിയുടെ അപേക്ഷ കേട്ട് അമ്പരന്ന് അന്വേഷണ സംഘം . ഇഷ്ട ഭക്ഷണം കിട്ടാത്തതിന്‍റെ പരാതിയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് രവി പൂജാരി പങ്കുവക്കുന്നത്. നിലവിൽ കര്‍ണടക പൊലീസിന്‍റ കസ്റ്റഡിയിലാണ് രവി പൂജാരി ഉള്ളത്. ഇഡ്ഡലിയും ദോശയും കഴിച്ച് മടുത്തെന്നാണ് അധോലോക കുറ്റവാളിയുടെ പ്രധാന പരാതി.

പൊലീസ് അറസ്റ്റ് ചെയ്ത് കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് ചിക്കനോ മട്ടനോ ഒക്കെ ആഹാരമായി തരാൻ പറയണമെന്നാണ് രവി പൂജാരിയുടെ ആവശ്യം. നല്ല നിലയിൽ ജീവിച്ച ആളാണ്. അതിന് വേണ്ട ചെലവ് എത്രയാണെങ്കിലും മുടക്കാൻ തയ്യാറാണെന്നും പൂജാരി പറയുന്നുണ്ടത്രെ. ആഴ്ചയിൽ രണ്ട് ദിവസം നോൺവെജ് വിഭവമുണ്ടെന്ന് കര്‍ണാടക പൊലീസ് പറയുന്നുണ്ടെങ്കിലും കിട്ടുന്നത് ഒരു കഷ്ണമൊക്കെ മാത്രമാണെന്ന പരാതിയുമുണ്ടത്രെ രവി പൂജാരിക്ക്. 

അതേ സമയം കാര്യം ഇങ്ങനെ ഇരിക്കെ രവി പൂജാരിയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നാണ് അന്വേഷണ സംഘന്‍റെ കണക്ക് കൂട്ടൽ. രവി പൂജാരിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിലെ കേസുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിച്ചിട്ടുണ്ടെന്ന്  രവി പൂജാരി ബംഗല്ലൂരു പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം.

നിലവിൽ ബംഗലുരു പൊലീസിന്‍റെ കസ്റ്റഡിയിലുള്ള രവി പൂജാരി നടത്തിയ വെളിപ്പെടുത്തലുകളിലൂടെയാണ് അന്വേഷണം കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരിലേക്ക് നീളുന്നത്. ബംഗലുരു പൊലീസിന്‍റെ കസ്റ്റഡിയിലുള്ള രവിപൂജാരിയെ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയും ചോദ്യം ചെയ്തിരുന്നു.  കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

ക്വട്ടേഷൻ നൽകിയത് താനാണെന്ന് വെളിപ്പെടുത്തിയ രവി പൂജാരി മറ്റ് ചില കേസുകളും സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയിരുന്നത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് തീവ്രവാദ സ്ക്വാഡിന്‍റെ ചുമതലയുള്ള ഡിഐജി അനൂപ് ജോണ്‍ കുരുവിളയും എസ്പി ജോസി ചെറിയാനും ബംഗലൂരുവിലെത്തിയത്.  

ഉദ്യോഗസ്ഥർ ശേഖരിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യാനും ആലോചിക്കുന്നുണ്ട്.. കർണാകയിൽ 96 കേസുകളാണ് രവി പൂജാരിക്കെതിരെയുള്ളത്. ഈ മാസം 7വരെയാണ് ബംഗലൂരു പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ബംഗലൂരു പൊലീസിന്‍റെ റെഡ് കോർണർ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ സെനഗനിലാണ് രവി പൂജാരി പിടിയിലാകുന്നത്. 

click me!