
തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ തുടങ്ങുന്ന ഓൺലൈൻ സംവാദ പരിപാടി കേരള ഡയലോഗിന് ആരംഭമായി. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ഡയലോഗ് ഉദ്ഘാടനം ചെയ്തത്.
കോവിഡ് അനന്തര ലോകത്തെ മാറ്റങ്ങൾക്കായി തയാറെടുക്കാൻ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതിജീവനത്തിനായി നാം പുതിയ രീതികൾ തേടണം. സർക്കാരുകൾക്ക് മാത്രം ഇതിനു കഴിയില്ല. ജനങ്ങളുടെ സഹകരണം കൂടി വേണം ഇതിനാണ് കേരള ഡയലോഗ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് നേരിടാൻ കേരളം വളരെ നേരത്തെ തന്നെ മുൻകരുതൽ നടപടികൾ ആരംഭിച്ചെന്നു ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ജനുവരി ആദ്യം തന്നെ സംസ്ഥാനം കൊവിഡ് പ്രതിരോധ നടപടികൾ തുടങ്ങി. മറ്റു രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ മടങ്ങി വരുന്നത് വെല്ലുവിളിയാണെന്നും കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് പോകാതെ നിയന്ത്രിക്കാൻ കഴിയണമെന്നും കേരള ഡയലോഗിൽ പങ്കെടുത്ത് സംസാരിക്കവേ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിൻ്റെ ഇടപെടൽ അത്ഭുതപ്പെടുത്തുന്നതാണെന്ന് നോം ചോസ്കി അഭിപ്രായപ്പെട്ടു. വിയറ്റ്‌നാം, സൗത്ത് കൊറിയ, തായ്‌വാൻ എന്നീ കിഴക്കനേഷ്യൻ രാജ്യങ്ങളും മികച്ച രീതിയിലാണ് കൊവിഡിനെ നേരിട്ടതെന്നും അദ്ദേഹം കേരള ഡയലോഗിൽ സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ടു.
കൊവിഡ് ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും മറ്റു അതിഥികളും ഓൺലൈനായാവും കേരള ഡയലോഗിൽ സംസാരിക്കുക. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസാണ് ആദ്യദിനത്തിൽ കേരള ഡയലോഗിൻ്റെ മോഡറേറ്ററായി എത്തിയത്. കേരള ഡയലോഗ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ സംപ്രേക്ഷണം ചെയ്യും. ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്കി, അമർത്യ സെൻ, സൗമ്യ സ്വാമി നാഥൻ എന്നിവർ ഇന്നത്തെ ഏപ്പിസോഡിൽ സംസാരിക്കും. പ്രശസ്ത ജേർണലിസ്റ്റ് എൻ. റാം, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ എന്നിവരാണ് മറ്റു മോഡറേർമാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam