ചാലക്കുടിക്ക് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്ത രണ്ട് വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. സഹയാത്രികർ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് വിദ്യാർഥിനികളെ കോളേജിലെത്തിച്ചു.

ചാലക്കുടി: കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിൽ രാത്രി യാത്ര ചെയ്‌ത 2 പെൺകുട്ടികൾക്ക് ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ്.നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി.ജോർജ് എന്നിവർക്കാണ് ഇന്നലെ രാത്രി 9.30ഓടെ ദുരനുഭവമുണ്ടായത്. കൊരട്ടിക്കടുത്ത് പൊങ്ങത്ത് ഇറങ്ങാനായി ബസ് നിർത്തി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറാകാതെ വന്നതോടെ ബസിൽ കുട്ടികൾ കരച്ചിലായി. പെൺകുട്ടികളുടെ കണ്ണീർ കണ്ടിട്ടും കണ്ടക്ട‌ററുടെയും ഡ്രൈവറുടെയും മനസലിഞ്ഞില്ല. സഹയാത്രികർ പ്രതിഷേധിച്ചു. പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുന്നതിനിടെയാണ് പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

അങ്കമാലിയിൽ നിന്നാണ് തിരുവനന്തപുരത്തു നിന്ന് തൃശൂരിലേയ്ക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്‌റ്റ് ബസിലാണ് പെൺകുട്ടികൾ കയറിയത്. 2 പേർക്കുമായി 64 രൂപ ഇവർ ടിക്കറ്റ് ചാർജ് നൽകിയിരുന്നു. വിദ്യാർഥിനികളായതിനാൽ മാനുഷിക പരിഗണന കാണിക്കണമെന്നും പൊങ്ങത്തു ബസ് നിർത്തി നൽകണമെന്നും മറ്റ് യാത്രക്കാർ ബസ് കണ്ടക്ടറോടും ഡ്രൈവറോടും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്നു കുട്ടികൾ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് ഇറക്കിയത്. രാത്രിയാത്രക്കാരായ വിദ്യാർഥിനികളോടു മാനുഷിക പരിഗണന കാണിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു. പരിഭ്രാന്തരായ കുട്ടികളെ യാത്രക്കാർ ആശ്വസിപ്പിച്ചു. വിവരമറിഞ്ഞ് ചാലക്കുടി എസ്എച്ച്‌ഒ എം.കെ. സജീവിന്റെ നേതൃത്വത്തിൽ പൊലീസ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി. ഇവരെ പൊങ്ങത്ത് എത്തിക്കാൻ പൊലീസ് സന്നദ്ധരായെങ്കിലും കോളജ് അധികൃതർ വരുമെന്ന് അറിയിച്ചതോടെ അവരുടെ കൂടെ വിട്ടയയ്ക്കുകയായിരുന്നു. വിദ്യാർഥിനികൾ സ്‌റ്റേഷൻ മാസ്‌റ്റർക്കു പരാതി നൽകി.