പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തിൽ തുടരന്വേഷണം നിലച്ചെന്ന് പരാതിക്കാരൻ ഔസേപ്പ്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി സസ്പെന്‍ഷനിലായതോടെയാണ് അന്വേഷണം നിലച്ചതെന്ന് ഔസേപ്പ് പറഞ്ഞു
തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തിൽ തുടരന്വേഷണം നിലച്ചെന്ന് പരാതിക്കാരൻ ഔസേപ്പ്. മർദ്ദന കേസിൽ പ്രതിയായ ഡിവൈഎസ്പിയെ ആണ് തന്‍റെ പരാതി അന്വേഷിക്കാൻ എൽപ്പിച്ചിരുന്നത്. ഡിവൈഎസ്‍പി സസ്പെന്‍ഷൻ നടപടി നേരിട്ടതോടെ കേസ് എങ്ങും എത്താതായെന്നും ഔസേപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കാനാണ് ഔസേപ്പിന്‍റെ തീരുമാനം. അന്നത്തെ പീച്ചി എസ്ഐ രതീഷിനെതിരായ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ഔസേപ്പ് പറഞ്ഞു. 2023 മെയ് 25നാണ് ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ എടുത്ത കേസിലാണ് ഉടമയായ ഔസേപ്പിന്‍റെ മകനെയും ഹോട്ടൽ മാനേജരെയും പീച്ചി എസ്ഐയായിരുന്ന രതീഷ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തല്ലിയത്. ഏറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഔസേപ്പിന് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത്. പൊലീസ് മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് രതീഷിനെതിരെ അന്വേഷണം അടക്കം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചുപോയെന്നാണ് ആരോപണം. സംഭവത്തിൽ അന്നത്തെ പീച്ചി എസ്ഐയും കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിനെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സസ്പെന്‍ഡ് ചെയ്തിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.



